സിപിഐക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സൂചന; അജിത്തിനെതിരായ നടപടിയിൽ വൈകാതെ തീരുമാനം
Mail This Article
തിരുവനന്തപുരം∙ നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ എഡിജിപി എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കുന്നതു സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസങ്ങളായി ഈ വിഷയത്തില്‍ സംയമനം പാലിക്കുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്.
അജിത്കുമാറിനൊപ്പം മറ്റ് എഡിജിപിമാര്‍ക്കും സ്ഥാനമാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അജിത് കുമാറിനെ ഭരണപരമായ സൗകര്യമെന്ന സാങ്കേതികത്വം പറഞ്ഞു മറ്റൊരു ചുമതലയിലേക്കു നീക്കിയാല്‍ മതിയെന്ന അഭിപ്രായമാണു സിപിഎമ്മിലുള്ളത്. പകരം ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനു ചുമതല നല്‍കിയേക്കും. മനോജ് ഏബ്രഹാമാണ് ഇന്റലിജന്‍സ് എഡിജിപി. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, പൊലീസ് പരിശീലനച്ചുമതലയുള്ള എഡിജിപി പി.വിജയന്‍, പൊലീസ് ആസ്ഥാനം എഡിജിപി എസ്.ശ്രീജിത്ത് എന്നിവരാണ് മറ്റ് എഡിജിപിമാര്‍.
പി.വി.അന്‍വര്‍ ഉന്നയിച്ച പരാതിയില്‍ എഡിജിപിക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. വ്യാഴാഴ്ചയോടെ ഒരു മാസം പൂര്‍ത്തിയാകും. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഈയാഴ്ചയോടെ റിപ്പോര്‍ട്ട് നല്‍കും. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ എഡിജിപിക്കെതിരെ നടപടിയെടുത്തുവെന്നു വരരുതെന്ന നിര്‍ബന്ധം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുണ്ട്. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടാകില്ലെന്നാണു സൂചന. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.
തൃശൂര്‍ പൂരം അലങ്കോലമായതു സംബന്ധിച്ച് എഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്, ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ കൈവശമുണ്ട്. ഇതില്‍ മറ്റൊരു അന്വേഷണം പ്രഖ്യാപിച്ച് അതു കഴിയുന്നതുവരെ അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പൂരം കലക്കലില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളിയ ഡിജിപി, എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന തരത്തിലാണ് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയും പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും നിയമസഭയില്‍ അതിശക്തമായി പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതു സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷം രേഖാമൂലം ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഇടയില്‍ നിലയുറപ്പിക്കുന്ന പി.വി.അന്‍വറും എഡിജിപിക്കെതിരെ സഭയില്‍ ആഞ്ഞടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഭാ സമ്മേളനം സജീവമാകുന്നതിനു മുന്‍പ് തന്നെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിജിപിയെ നീക്കുമെന്നാണ് സൂചന.
തൃശൂര്‍ പൂരം കലങ്ങിയതിലെ പങ്കും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിഷയങ്ങളാണ്. രണ്ടും സിപിഐ ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. ഇടതുനയത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതും തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥിയുടെ പരാജയഘടകങ്ങളിലൊന്നും എന്ന നിലയ്ക്കാണ് ഈ വിഷയങ്ങള്‍ സിപിഐ ശക്തമായി ഉന്നയിച്ചത്. പല തവണ ആവശ്യപ്പെട്ടിട്ടും എഡിജിപിയെ മാറ്റാതിരുന്നതില്‍ കടുത്ത അതൃപ്തി സിപിഐ പലവട്ടം പരസ്യമാക്കുകയും ചെയ്തിരുന്നു.
വിശ്വസ്തനായ എഡിജിപിയെ പരമാവധി സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നു വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുണ്ട്. ഇടതുപക്ഷ നയം ഉയര്‍ത്തിപ്പിടിച്ചുള്ള തീരുമാനമെന്നു വരുത്തി രാഷ്ട്രീയ ആരോപണങ്ങള്‍ക്കു മറുപടി നല്‍കുന്നതിനൊപ്പം, അജിത്കുമാറിനു സര്‍വീസില്‍ ഒരു തട്ടുകേടും വരാതിരിക്കാനുമുള്ള തന്ത്രം കൂടിയാണു സര്‍ക്കാര്‍ പയറ്റുന്നത്.