‘മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി എഴുതി കൊടുത്തത്; പിണറായിക്ക് ബിജെപി ബന്ധം’
Mail This Article
വയനാട്∙ മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി കൊടുത്തത് തന്നെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ശുദ്ധ അസംബന്ധമാണ്. മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങാതെ പിആര്‍ ഏജന്‍സി ഇത്തരം ഒരു പരാമര്‍ശം ‘ദ് ഹിന്ദു’ പത്രത്തിന് നല്‍കില്ല.
1970 മുതല്‍ പിണറായിക്ക് ബിജെപി ബന്ധമുണ്ട്. അവരുടെ വോട്ട് വാങ്ങി ആദ്യമായി എംഎല്‍എ ആയ വ്യക്തിയാണ് പിണറായി. ബിജെപിയുമായി വര്‍ഷങ്ങളായി നല്ലബന്ധമുള്ള വ്യക്തിയാണ് അദ്ദേഹം. ആ ബന്ധത്തിന്റെ പേരില്‍ അദ്ദേഹത്തിന് വ്യക്തിപരമായും സാമ്പത്തികമായും പല നേട്ടങ്ങളും കിട്ടി. നിരവധി തവണ ജയിലില്‍ പോകേണ്ട കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായിയെ രക്ഷിക്കുകയാണ്. നരേന്ദ്ര മോദിയുടെ ഏജന്റാണ് പിണറായി. ബിജെപിയുടെ നയവും കാഴ്ചപ്പാടുമാണ് മുഖ്യമന്ത്രി ഏറ്റെടുത്തു പറയുന്നത്.
നേരത്തേ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ട പി.ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയത് ബുദ്ധിസ്ഥിരതയില്ലാത്ത നടപടിയാണ്. പി.വി.അന്‍വറിന്റെ പരാതിയിലും പി.ശശിയുടെ സ്വഭാവദൂഷ്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കു രാഷ്ട്രീയ ധാര്‍മികതയില്ല. ഏതുവിധേനയും സമ്പത്തുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. നാടിനെയും ജനങ്ങളെക്കാളും മുഖ്യമന്ത്രിക്ക് പ്രധാന്യം സ്വന്തം കുടുംബത്തിന്റെ സുരക്ഷ മാത്രമാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളത്തിന് ആവശ്യമില്ല– കെ.സുധാകരന്‍ പറഞ്ഞു.