ലൈംഗിക ബന്ധത്തിനിടെ രക്തസ്രാവം: നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം; കാമുകൻ അറസ്റ്റിൽ
Mail This Article
അഹമ്മദാബാദ് ∙ ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവമുണ്ടായ പെൺകുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതിരുന്നതിനെ തുടർന്ന് മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദിൽ നഴ്സിങ് വിദ്യാർഥിയാണ് മരിച്ചത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലേറ്റ മുറിവും അമിത രക്തസ്രാവവുമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്.
സെപ്റ്റംബർ 23ന് നവ്സരി ജില്ലയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് പെൺകുട്ടിയും ഇരുപത്താറുകാരനായ കാമുകനും ശാരീരിക ബന്ധത്തിലേർപ്പെട്ടത്. രക്തസ്രാവമുണ്ടായതോടെ ഇവർ പരിഭ്രാന്തരായി. എന്നാൽ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഒന്നര മണിക്കൂറോളം യുവാവ് ഓൺലൈനിൽ പരിഹാര മാർഗങ്ങൾ തിരഞ്ഞെന്നും തുണി ഉപയോഗിച്ച് രക്തസ്രാവം നിർത്താൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
അപ്പോഴേക്കും പെൺകുട്ടി ബോധരഹിതയായി. പിന്നാലെ യുവാവ് ഒരു സുഹൃത്തിനെ വിളിച്ച് വരുത്തി മുറിയിലെ രക്തക്കറ വൃത്തിയാക്കി. അതിനുശേഷം പെൺകുട്ടിയെ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൂന്നു വർഷം മുമ്പാണ് പെൺകുട്ടിയും യുവാവും തമ്മിൽ പരിചയപ്പെടുന്നത്. രണ്ടു വർഷമായി ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നില്ല. ഏഴു മാസം മുമ്പാണ് സമൂഹ മാധ്യമം വഴി വീണ്ടും സൗഹൃദത്തിലായതെന്ന് പൊലീസ് പറഞ്ഞു.