ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന് എതിരായ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്നും ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കേണ്ടതു തന്റെ ചുമതലയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കാതിരിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുന്നതില്‍ എന്താണു കുഴപ്പമെന്നും ഗവര്‍ണര്‍ ചോദിച്ചു.  

വ്യാപകമായ സ്വര്‍ണക്കടത്ത് കേരളത്തിനെതിരായതു മാത്രമല്ല രാജ്യത്തിനെതിരായ കുറ്റകൃത്യം കൂടിയാണ്. അക്കാര്യം മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ അത് രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് എന്റെ ചുമതല. ഇതുസംബന്ധിച്ച് എന്നെ പൂര്‍ണമായി ഇരുട്ടില്‍നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

സ്വര്‍ണക്കടത്ത് തടയേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. ഇതുവരെ ഇക്കാര്യം എന്തുകൊണ്ടാണ് എന്നോടു പങ്കുവയ്ക്കാതിരുന്നത്. കസ്റ്റംസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കില്‍ അക്കാര്യം എന്നെ അറിയിക്കേണ്ടതല്ലേ. സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് ഞാന്‍ കത്തെഴുതിയത്. ഒക്‌ടോബര്‍ എട്ടിനാണ് മറുപടി നല്‍കിയത്. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ അത് ഗവര്‍ണറെ അറിയിക്കേണ്ടേ. ഇത് സാധാരണ ഭരണപരമായ കാര്യമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

'ദ് ഹിന്ദു' പത്രത്തിലെ വിവാദ അഭിമുഖത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി പിആര്‍ ഏജന്‍സി സമീപിച്ചതാണെന്നും അഭിമുഖ സമയത്ത് പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നുവെന്നും പത്രം പറയുന്നു. ഒരു പിആര്‍ ഏജന്‍സിയെയും വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ എന്തു നടപടിയാണ് പത്രത്തിനെതിരെ എടുത്തത്. ഹിന്ദു പറഞ്ഞത് എന്തുകൊണ്ടാണ് നിഷേധിക്കാതിരുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസ്യത ഇല്ല.

ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്പിക്കാന്‍ ചീഫ് സെക്രട്ടറി രാജ്ഭവനില്‍ വന്നിരുന്നു. മുഖ്യമന്ത്രി അക്കാര്യം അറിയിച്ചിരുന്നില്ല. എന്നാല്‍ രാജ്യത്തിനെതിരായ കുറ്റകൃത്യം സംബന്ധിച്ച് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ അയയ്ക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. സർക്കാരിന്റെ ആവശ്യത്തിനായി രാജ്ഭവനിലെത്തിയവർക്ക് ഗവർണർ ആവശ്യപ്പെട്ടപ്പോൾ വരാൻ ‘കോംപ്ലക്സാ’ണെന്നും ഗവര്‍ണര്‍ പറഞ്ഞു.

English Summary:

"The Chief Minister lacks credibility, keeps me in the dark"; Governor remains relentless.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com