‘പിണറായി അര്‍ജുനനെപ്പോലെ, സഹനശക്തിക്ക് ഓസ്‌കര്‍ ഉണ്ടെങ്കില്‍ പിണറായിക്ക്: വാഴ്ത്തല്‍ ‘പൂരം’
Mail This Article
തിരുവനന്തപുരം ∙ പാര്‍ട്ടിയില്‍ വ്യക്തിപൂജയും വ്യക്തിആരാധനയും അനുവദിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും നിയമസഭയിലെ അടിയന്തരപ്രമേയ ചര്‍ച്ചയെ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തിപ്പാടാനുള്ള വേദിയാക്കി മത്സരിച്ച് എല്‍ഡിഎഫ് സാമാജികര്‍. തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയിലാണ് സിപിഎം എംഎല്‍എമാര്‍ പിണറായിസ്തുതി നടത്താന്‍ ഊഴമിട്ട് എത്തിയത്. ‘കൗരവരുടെ പേടിസ്വപ്‌നമായിരുന്ന അര്‍ജുനന്‍ എന്ന വിജയനെപ്പോലെയാണ് വര്‍ഗീയവാദികളെ നേരിടുന്ന പിണറായി വിജയന്‍’ എന്നു പറഞ്ഞ് കടകംപള്ളി സുരേന്ദ്രനാണ് തുടക്കമിട്ടത്. ആയിരം സതീശന്മാര്‍ വന്നാലും അര പിണറായി വിജയന്‍ ആകില്ലെന്നായിരുന്നു മന്ത്രി വി.എന്‍.വാസവന്റെ കണ്ടെത്തല്‍. സഹനശക്തിക്ക് ഓസ്‌കര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായി വിജയന് ഉള്ളതായിരിക്കുമെന്നും വാസവന്‍ പറഞ്ഞു.
പൂരം കലക്കലില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ടാണെന്നു പറഞ്ഞ കടകംപള്ളി പിണറായിയുടെ ജനനം തൊട്ടുള്ള കാര്യങ്ങള്‍ സഭയില്‍ എഴുതിവായിച്ചു. ‘‘മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഏറ്റവും ഇളയമകനായി ജനിച്ച പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ എത്തിയത് മറ്റൊരു പിന്‍ബലത്തിന്റെയും മറപറ്റിയല്ല, നേര്‍ക്കുനേര്‍ നിന്ന് ശരിയുടെ രാഷ്ട്രീയം പറഞ്ഞും പ്രവര്‍ത്തിച്ചുമാണ്. തലശേരി ബ്രണ്ണന്‍ കോളജില്‍നിന്നു തുടങ്ങി ഇന്നിവിടെ ഈ കേരള നിയമസഭയില്‍ വരെ പിണറായി വിജയന്‍ തലയുയര്‍ത്തി നില്‍ക്കുന്നത് മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചതിനാലാണ്. കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്ന പിണറായി വിജയനെ അങ്ങ് തച്ചു തകര്‍ത്തേക്കാം എന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടാകും. അത് അതിമോഹമാണ് മോനേ എന്നേ ഞാന്‍ പറയുന്നുള്ളു. ഇതിലും വലിയ വമ്പന്മാര്‍ പതിനെട്ടടും പയറ്റിയിട്ടും നടക്കാത്ത കാര്യമാണ് അതെന്ന് ചരിത്രം മുന്‍പേ പറഞ്ഞുവച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസ് അടക്കിവാണ കാലത്ത് തടവറയിലിട്ട് അദ്ദേഹത്തെ തല്ലിച്ചതച്ചിട്ടുണ്ട്. അന്ന് കൂത്തുപറമ്പിന്റെ യുവഎംഎല്‍എ ജയിലറയില്‍നിന്ന് നിയമസഭാ സമ്മേളനത്തിലേക്ക് എത്തി. തന്റെ ചോരക്കറ വീണ ഷര്‍ട്ടുയര്‍ത്തിപ്പിടിച്ച് ആ മനുഷ്യന്‍ നടത്തിയ പ്രസംഗം ഇപ്പോഴും നിയമസഭാ ലൈബ്രറിയിലുണ്ട്. ഇന്നലത്തെ മഴയില്‍ കുരുത്തവര്‍ അതെടുത്തു വായിക്കണം. പിണറായി വിജയനെ ഏതൊക്കെയോ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതുന്നവരോടു സഹതാപം മാത്രം. പിണറായിയെ മൂന്നാംവട്ടവും മുഖ്യന്ത്രിയാക്കാന്‍ ഈ നാട് തയാറാകും. അത് കണ്ട് വിറളി പിടിച്ചവരുടെ ഇരിപ്പുറയ്ക്കായ്കയാണ് സഭയില്‍ കാണുന്നത്. കൗരവരുടെ പേടിസ്വപ്‌നമായിരുന്ന അര്‍ജുനന്‍ എന്ന വിജയനെ പോലെയാണ് വര്‍ഗീയവാദികളെ നേരിടുന്ന പിണറായി വിജയന്‍. പിണറായിയെ അറിയാത്തവരോട് ഒന്നു പറയാം ആഴമറിയാത്തിടത്ത് കാല് വയ്ക്കരുത്, താണു പോകും.’’- കടകംപള്ളി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തു തെളിയിച്ച നേതാവാണ് പിണറായി വിജയന്‍ എന്ന്, തുടര്‍ന്ന് പ്രസംഗിച്ച എം.രാജഗോപാല്‍ പറഞ്ഞു. പിണറായി ഗ്രാമം പെറ്റുവളര്‍ത്തി കേരളം പോറ്റിവളര്‍ത്തിയ, ദേശീയ രാഷ്ട്രീയത്തിലെ മതനിരപേക്ഷതയുടെ ഏറ്റവും വലിയ പ്രചാരകനും സംഘാടകനുമാണ് പിണറായി. അതുകൊണ്ടാണ് സ്വന്തം ഭൂമി വിറ്റെങ്കിലും, പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് പണം കൊടുക്കുമെന്ന് സംഘപരിവാറുകാരന്‍ പ്രഖ്യാപിച്ചതെന്നും രാജഗോപാല്‍ പറഞ്ഞു.
തുടര്‍ന്നുള്ള ഊഴം മന്ത്രി വി.എന്‍.വാസവന്റേതായിരുന്നു. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച തകരയല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് വി.എന്‍.വാസവന്‍ പറഞ്ഞു. കേരളത്തില്‍ മതനിരപേക്ഷത തകരാതെ സൂക്ഷിക്കാന്‍ മുന്നോട്ടുവന്ന ധീരനായ പോരാളിയാണ് പിണറായി. തലശേരിയില്‍ പള്ളിക്കു കാവല്‍നിന്ന നേതാവ് ആരെന്നു ചോദിച്ചാല്‍ ഈ സഭയില്‍ ഒരാളേ ഉള്ളൂ, അത് പിണറായി വിജയനാണ്. പിണറായി വിജയനെപ്പോലെ ആകാനാണ് വി.ഡി.സതീശന്‍ ശ്രമിക്കുന്നത്. ആയിരം സതീശന്മാര്‍ വന്നാലും അര പിണറായി വിജയന്‍ ആകില്ല. അദ്ദേഹം കടന്നുവന്ന വഴിത്താരകള്‍ അതാണ്. സഹനശക്തിക്ക് ഓസ്‌കര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായി വിജയന് ഉള്ളതായിരിക്കും. എതിര്‍പ്പുകള്‍ അവഗണിച്ച് മാറാട് സന്ദര്‍ശിച്ച ആളാണ് പിണറായി വിജയന്‍ എന്നും വാസവന്‍ പറഞ്ഞു.
നവകേരളസദസിന്റെ സമയത്തെ പിണറായി സ്തുതികള്‍ ഏറെ ചര്‍ച്ചയായിരുന്നു. ദൈവം കേരളത്തിനു നല്‍കിയ വരദാനമാണ് പിണറായി വിജയനെന്ന് അന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞിരുന്നു. ചിലര്‍ക്കൊക്കെ മുഖ്യമന്ത്രിയോട് അസൂയയാണെന്നും വിളക്കു കത്തിച്ചും വെള്ളമൊഴിച്ചും അദ്ദേഹത്തെ ചിലര്‍ പ്രാകുകയാണെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ വാക്കുകൾ. പിണറായി വിജയനെ സ്തുതിക്കുന്ന പാട്ടുകള്‍ പുറത്തുവന്നതും ചര്‍ച്ചയായിരുന്നു. എതിരാളികള്‍ക്ക് അടുത്തെത്താന്‍പോലും പറ്റാത്ത വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അടുത്തെത്തിയാല്‍ സൂര്യസാമീപ്യത്തിലെന്ന പോലെ കരിഞ്ഞുപോകുമെന്നുമാണ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. 2022ല്‍ പാറശാല ഏരിയാ കമ്മിറ്റി പിണറായിയെ സ്തുതിച്ച് അവതരിപ്പിച്ച മെഗാ തിരുവാതിരയും വിവാദമായിരുന്നു.
കണ്ണൂരില്‍ പി.ജയരാജനെ വാഴ്ത്തുന്ന പാട്ടുകളും ബോര്‍ഡുകളും സമൂഹമാധ്യമ പ്രചാരണങ്ങളും വന്നത് വലിയ വിവാദമാകുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ജയരാജനെ ശാസിക്കുന്ന ഘട്ടം വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അന്ന് പിണറായി വിജയനെ അര്‍ജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ചാണു ബോര്‍ഡുകള്‍ വച്ചിരുന്നത്. കേരളത്തില്‍ വ്യക്തി ആരാധന ഇതിനു മുന്‍പ് ഇത്രത്തോളം ഉണ്ടായിട്ടില്ലെന്നും അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരെ ദോഷമാണെന്നും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.