ADVERTISEMENT

കൊച്ചി∙ ഗുണ്ടാത്തലവൻ ഓംപ്രകാശ് എറണാകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ചലച്ചിത്ര താരം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. നടി പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. മരട് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. ഇരുവരും ഓംപ്രകാശിന്റെ മുറിയിൽ മണിക്കൂറുകളോളം ചെലവഴിച്ചുവെന്നാണ് വിവരം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇവർ നടത്തിയ ഓൺലൈൻ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവർക്കു പുറമേ പാര്‍ട്ടിയിൽ പങ്കെടുത്തെന്നു കരുതുന്ന ഇരുപതോളം പേരിൽനിന്നു മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ രക്തസാംപിളുകൾ ലഹരി പരിശോധനയ്ക്കു വേണ്ടി അന്വേഷണ സംഘം ശേഖരിച്ചു.

ശ്രീനാഥ് ഭാസിയും പ്രയാഗയും 5ന് രാത്രി ഹോട്ടിലിലെ മുറിയിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഓംപ്രകാശിനെ കണ്ടു എന്നതിന്റെ പേരിൽ ഇവർക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. ഇവർ ലഹരി മരുന്ന് ഉപയോഗിച്ചോ എന്നതും തെളിയിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇവരിൽനിന്ന് മൊഴിയെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഹോട്ടലിലെ ക്യാമറയിൽ നിന്ന് ശ്രീനാഥിന്റെയും പ്രയാഗയുടെയും ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇരുവരെയും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

ഓംപ്രകാശും കൂട്ടാളി ഷിഹാസും സമീപകാലത്തു രഹസ്യമായി ശ്രീലങ്കയും ലക്ഷദ്വീപും സന്ദർശിച്ചെന്ന വിവരം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേരത്തെ ലക്ഷദ്വീപിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി പ്രതികൾക്കുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ ഓഫിസർ പ്രതി ഷിഹാസിന്റെ സഹപാഠിയും സുഹൃത്തുമാണെന്നാണു പ്രാഥമിക വിവരം. ഫോണിൽ ഓം പ്രകാശിനോടു സംസാരിച്ച കൊച്ചിയിലെ ഗുണ്ട തമ്മനം ഫെയ്സലിനെ മരട് പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു വിട്ടയച്ചു.

മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശ് എത്തിയിട്ടുണ്ടെന്നും ലഹരിമരുന്ന് വിൽപ്പനയാണ് ഇവരുടെ ലക്ഷ്യമെന്നും ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോൾ മുറിയിൽ നിന്നു കൊക്കെയ്ൻ തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറും 4 ലീറ്റർ മദ്യവും പൊലീസ് പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറിലെ ലഹരി പദാർഥം പ്രതികൾ വെളിപ്പെടുത്തിയ പോലെ കൊക്കെയ്ൻ തന്നെയാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടെങ്കിലും പ്രതികളുടെ ദേഹവും മുറിയും പരിശോധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള അളവിൽ ലഹരി പദാർഥം കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതേത്തുടർന്നു കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ നടത്തിയ ഫൊറൻസിക് പരിശോധനയുടെ ഫലം ലഭിക്കുന്നതോടെ എന്തെങ്കിലും രാസലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ കഴിയും.

മൂന്നു മുറികളാണ് ഓം പ്രകാശും കൂട്ടരും ഹോട്ടലില്‍ എടുത്തിരുന്നത്. രണ്ടു ദിവസത്തിനിടെ ഒട്ടേറെ പേർ ഓംപ്രകാശിനെ സന്ദർശിച്ചിരുന്നു എന്നും മനസിലാക്കിയതോടെയാണ് കേസ് വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുന്നത്. വന്നവരുടെ കൂട്ടത്തിൽ ശ്രീനാഥ് ഭാസിയും പ്രയാഗയും ഉണ്ടായിരുന്നെന്ന് വ്യക്തമായതോടെ കേസിന് കൂടുതൽ പ്രചാരവും കൈവന്നു. അതേസമയം, തനിക്ക് ഓംപ്രകാശിനെ അറിയില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പ്രയാഗ മനോരമ ഓൺലൈനോട് വ്യക്തമാക്കിയിരുന്നു. ഒരു സുഹൃത്തിനെ കാണാനായി മറ്റൊരു സുഹൃത്തിനൊപ്പം ഹോട്ടലിൽ പോയിരുന്നെന്നും അവർ വ്യക്തമാക്കി.

English Summary:

Drug Party Case Involving Omprakash: Sreenath Bhasi and Prayaga to be Questioned Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com