‘15 വർഷമായി ടിക്കറ്റെടുക്കുന്നു, ഒടുവിൽ ഭാഗ്യദേവത തുണച്ചു’: 25 കോടിയുടെ ബംപറടിച്ചത് കർണാടക സ്വദേശിക്ക്
Mail This Article
ബത്തേരി∙ 15 വർഷമായി അൽത്താഫ് ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും 50 രൂപ പോലും ഇതുവരെ അടിച്ചിട്ടില്ല. എന്നാൽ അടിച്ചപ്പോൾ കിട്ടിയത് 25 കോടി രൂപയും. ഇത്തവണത്തെ ഓണംബംപർ അടിച്ചത് കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും മുൻപ് ഒരിക്കൽ പോലും അടിച്ചിട്ടില്ലെന്ന് അൽത്താഫ് പറഞ്ഞു. ടിക്കറ്റെടുത്ത് പണം കളയുന്നതിൽ ഭാര്യയും ബന്ധുക്കളും വഴക്കു പറയാറുണ്ടായിരുന്നു. ഓരോ തവണയും ടിക്കറ്റ് അടിക്കുമെന്നു വിശ്വസിക്കുമെങ്കിലും അടിക്കാറില്ല. എന്നാൽ ടിക്കറ്റ് എടുക്കുന്നതു തുടർന്നു. വാടക വീട്ടിലാണ് അൽത്താഫും ഭാര്യയും രണ്ടു മക്കളും താമസിക്കുന്നത്. സ്വന്തമായി വീട് വാങ്ങണമെന്നും മകളുടെ വിവാഹം ഭംഗിയായി നടത്തണമെന്നുമാണ് അൽത്താഫിന്റെ വലിയ ആഗ്രഹം.
അൽത്താഫിന്റെ ബന്ധുക്കൾ ബത്തേരിയിലുണ്ട്. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് രണ്ടു മാസം മുമ്പ് ബത്തേരിയിൽനിന്ന് ടിക്കറ്റ് എടുത്തത്. ഇന്നലെ ടിവിയിൽ ഭാഗ്യവാനെ പ്രഖ്യാപിച്ചപ്പോൾ തന്നെ വിവരം അൽത്താഫ് അറിഞ്ഞു. തുടർന്ന് നമ്പർ ഉറപ്പുവരുത്തിയശേഷം വൈകിട്ടോടെ ബത്തേരിയിലെ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ബത്തേരിയിൽനിന്നു ബന്ധുക്കൾ ഇന്നു രാവിലെ അൽത്താഫിന്റെ വീട്ടിലെത്തിയിരുന്നു. ബത്തേരിയിൽനിന്നും 150 കിലോമീറ്ററോളം അകലെയാണ് പാണ്ഡ്യപുര.
ലോട്ടറി കേരള സർക്കാരിന്റെ ആണെങ്കിലും വിറ്റതും വാങ്ങിയതും അടിച്ചതും കർണാടക സ്വദേശികൾക്കാണ്. മൈസൂരു സ്വദേശികളായ നാഗരാജും സഹോദരൻ മഞ്ജുനാഥും ചേർന്ന് ബത്തേരി ഗാന്ധി ജംക്‌ഷനിൽ നടത്തുന്ന എൻജിആർ ലോട്ടറിക്കടയിൽനിന്നാണ് അൽത്താഫ് ലോട്ടറി എടുത്തത്. 15 വർഷം മുമ്പാണ് നാഗരാജും മഞ്ജുനാഥും ബത്തേരിയിൽ എത്തിയത്. ഹോട്ടലിലും മറ്റുമാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ലോട്ടറി നടന്നു വിൽക്കാൻ തുടങ്ങി. അഞ്ചുവർഷം മുൻപാണ് സ്വന്തമായി കട തുടങ്ങിയത്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ബത്തേരിയിൽനിന്നു മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരും ലോട്ടറി എടുക്കാറുണ്ട്. ലോട്ടറി കട നടത്തുന്നവരിൽ കർണാടകക്കാരും തമിഴ്നാട്ടുകാരുമുണ്ട്. ബത്തേരിയിൽ വിറ്റ ലോട്ടറിക്കാണ് ബംപർ അടിച്ചതെന്ന് അറിഞ്ഞപ്പോൾ തന്നെ ഇതര സംസ്ഥാനക്കാർക്ക് ആകാൻ സാധ്യതയുണ്ടെന്നു വിലയിരുത്തിയിരുന്നു.
അൽത്താഫുമായി ഫോണിൽ സംസാരിച്ചുവെന്നും അഭിനന്ദങ്ങൾ അറിയിച്ചുവെന്നും അൽത്താഫ് ലോട്ടറിയെടുത്ത എൻജിആർ ലോട്ടറി ഏജൻസി ഉടമയായ നാഗരാജ് പറഞ്ഞു. അൽത്താഫിനെ നേരത്തേ പരിചയമില്ലെന്നും നാഗരാജ് പറഞ്ഞു. ബത്തേരി ഗാന്ധി ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ നിന്ന് വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംബർ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുമ്പ് ഇതേ കടയിൽ നിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു.