‘നേതാക്കൾക്ക് പ്രധാനം സ്വന്തം താൽപര്യം; ഹൂഡയുടെ അടുപ്പക്കാർക്ക് സീറ്റ് നൽകിയത് തിരിച്ചടിയായി’
Mail This Article
ന്യൂഡൽഹി∙ ഹരിയാനയിലെ തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി. നേതാക്കൾ അവരുടെ താൽപര്യത്തിന് ആദ്യ പരിഗണന നൽകിയെന്നും പാർട്ടി താൽപര്യം രണ്ടാമതായെന്നുമാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഒന്നര മണിക്കൂറോളമാണ് യോഗം നടന്നത്. ആകെയുള്ള 90 സീറ്റുകളിൽ 74 സീറ്റുകളിലും ഭൂപീന്ദർ സിങ് ഹൂഡയുടെ അടുപ്പക്കാർക്ക് സ്ഥാനാർഥിത്വം നൽകിയത് തിരിച്ചടി ആയെന്നും പാർട്ടി വിലയിരുത്തുന്നു. മത്സരിച്ച സ്ഥാനാർഥികളെ കേൾക്കാനാണ് നിലവിലെ തീരുമാനം.
ഇവിഎമ്മിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കാൻ സാങ്കേതിക വിദഗ്ധരെ ഉൾക്കൊള്ളിച്ച് പഠനസമിതിയെ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺദീപ് സിങ് സുർജേവാല എന്നിവരുമായി അടുത്ത യോഗം വൈകാതെ ചേരും.