ഉരുൾപൊട്ടൽ: മോദി നേരിട്ടുവന്നു കണ്ട് രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്ര സഹായം വട്ടപ്പൂജ്യം; കേരളത്തോട് ചിറ്റമ്മനയം?
Mail This Article
കൽപറ്റ∙ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വന്നു കണ്ടറിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ വക ധനസഹായം ലഭിച്ചത് വട്ടപൂജ്യം. പുനർനിർമാണത്തിനു രണ്ടായിരം കോടി രൂപ ആവശ്യമെന്നു സംസ്ഥാന സർക്കാർ അറിയിച്ചിട്ടും വയനാടിനു വേണ്ടി പ്രത്യേകമായി ഒരു സഹായവും ഇതുവരെ കിട്ടിയില്ല. ഓഗസ്റ്റ് പത്തിന് കൽപറ്റയിലെത്തിയ അദ്ദേഹം ചൂരൽമലയിലും ആശുപത്രിയിലും എത്തി സന്ദർശനം നടത്തി. കലക്ടറേറ്റിൽ നടത്തിയ യോഗത്തിനുശേഷം എല്ലാ സഹായവും നൽകുമെന്നും അറിയിച്ചു. വലിയ പ്രതീക്ഷയാണ് മോദിയുടെ സന്ദർശനം നൽകിയത്. എന്നാൽ നാളിതുവരെ പ്രതീക്ഷയല്ലാതെ മറ്റൊന്നും കിട്ടിയില്ല.
രാജ്യംകണ്ടതിൽ വച്ച് ഏറ്റവും വലിയ ഉരുൾപൊട്ടലെന്നാണ് കേന്ദ്ര സംഘം നടത്തിയ പരിശോധനകൾക്കുശേഷം റിപ്പോർട്ട് നൽകിയത്. കൂടാതെ കേരളവും വിശദമായ മെമ്മോറാണ്ടം നൽകി. പ്രധാനമന്ത്രിക്കു നേരിട്ട് അടിയന്തര സഹായം അനുവദിക്കാൻ സാധിക്കുമായിരുന്നിട്ടുപോലും ഒന്നും ചെയ്തില്ല. വാടക വീടുകളിലേക്കു താമസം മാറിയെങ്കിലും ഭൂരിഭാഗം പേരും ഇനിയും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടില്ല. പുനരധിവാസത്തിനു സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്.
ഈ വർഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതം 291.2 കോടി രൂപയുടെ ആദ്യ ഗഡു ആയ 145.6 കോടി രൂപ അനുവദിച്ചിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ടാം ഗഡു ആയ 145.6 കോടി രൂപ അഡ്വാൻസായും അനുവദിച്ചു. ഇതു സാധാരണ നടപടിക്രമം മാത്രമാണ്. ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായമല്ലെന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ചുരുക്കത്തിൽ ഒന്നും കിട്ടിയില്ല.
തിരിച്ചടിക്കുമോ മെമ്മോറാണ്ടം
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച മെമ്മോറാണ്ടവുമായി ബന്ധപ്പെട്ടു വൻ വിവാദമാണുണ്ടായത്. പ്രതീക്ഷിക്കുന്ന ഏകദേശ കണക്കാണു രേഖപ്പെടുത്തിയതെന്നാണു സർക്കാർ വിശദീകരിച്ചത്. എന്നാൽ പെരുപ്പിച്ച കണക്ക് നൽകി കേന്ദ്രത്തിൽനിന്നു പണം തട്ടാനുള്ള നീക്കമാണു നടത്തുന്നതെന്ന ആരോപണവുമായി ബിജെപിയും പ്രതിപക്ഷവും രംഗത്തെത്തി. ഒടുവിൽ മാധ്യമങ്ങളുടെമേൽ പഴിചാരി പിടിച്ചുനിൽക്കാനാണു സംസ്ഥാന സർക്കാർ ശ്രമിച്ചത്. സിപിഎമ്മും ഡിവൈഎഫ്ഐയും വിശദീകരണ യോഗങ്ങളും നടത്തി. സന്നദ്ധ പ്രവർത്തകർക്കുൾപ്പെടെ കോടിക്കണക്കിനു രൂപ ചെലവുണ്ടെന്നു സർക്കാർ കണക്കിൽ കാണിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. റിപ്പോർട്ട് ബിജെപി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെ സർക്കാർ വലിയ പ്രതിരോധത്തിലായി.
ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലിൽ ആകെ നാശനഷ്ടം 1202 കോടി രൂപയുടേതാണെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾപ്രകാരം സംഭവിച്ചിട്ടുള്ള യഥാർഥ നഷ്ടം 614.6 കോടി രൂപയുടേതാണ്. എന്നാൽ ദുരന്ത പ്രതികരണനിധിയിൽനിന്നു യഥാർഥ നഷ്ടം മാനദണ്ഡമാക്കിയല്ല ധനസഹായം അനുവദിക്കുന്നത്. ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കുള്ളിൽനിന്നു തയാറാക്കുമ്പോൾ കണക്കാക്കാൻ പറ്റിയ പരമാവധി തുക 219.2 കോടി രൂപയാണ്. സംസ്ഥാന ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡങ്ങളിൽ ഇനിയും ഉൾപ്പെട്ടിട്ടില്ലാത്ത മേഖലകളിൽ 587.5 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കി. അതു പ്രകാരമാണു പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 1202 കോടി രൂപയുടെ ധനസഹായത്തിനുള്ള മെമ്മോറാണ്ടം കേന്ദ്ര സർക്കാരിനു സമർപ്പിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തോടു ചിറ്റമ്മനയം
വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാനാണ് കൽപറ്റയിൽ ചേർന്ന യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. എല്ലാ സഹായവും നൽകാൻ കേന്ദ്രം തയാറാണെന്ന ഉറപ്പുനൽകിയശേഷമാണ് മടങ്ങിയത്. അതിനു പിന്നാലെ സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിച്ചു. എന്നാൽ വയനാടിന് വേണ്ടി നയാപ്പൈസ വന്നില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ വിഷയം രണ്ട് തവണ പാർലമെന്റിൽ ഉന്നയിച്ചതാണ്. കേരളത്തിൽനിന്ന് ബിജെപിക്ക് ആദ്യമായി എംപിയെ കിട്ടിയിട്ടും ഒരു സഹായവും എത്തിക്കാൻ സാധിച്ചില്ല.
ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ ജനങ്ങളുടെ പുനഃരധിവാസത്തിനായി 2000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു കണക്കു കൂട്ടുന്നത്. സ്കൂൾ, പള്ളി, ഓഫിസ് കെട്ടിടങ്ങൾ എല്ലാം പുനർനിർമിക്കേണ്ടതായി വരും. സന്നദ്ധ സംഘടനകളും വ്യക്തികളും സഹായം വാഗ്ദാനം ചെയ്തെങ്കിലും അതൊന്നും പ്രവാർത്തികമായിട്ടില്ല. ഇതിനിടെ ചില സന്നദ്ധ സംഘടനകൾ സ്വന്തം നിലയ്ക്കു സ്ഥലം കണ്ടെത്തി വീട് നിർമാണം തുടങ്ങിയിട്ടുണ്ട്. എന്നാൽ നാമമാത്രമായ വീടുകളുടെ നിർമാണമാണ് ആരംഭിച്ചത്. മാറ്റിപ്പാർപ്പിക്കുന്നവർക്കുൾപ്പെടെ അഞ്ഞൂറിലധികം വീടുകളെങ്കിലും നിർമിക്കേണ്ടി വരും. സംസ്ഥാന സർക്കാരും സന്നദ്ധ സംഘടനകളും മാത്രം വിചാരിച്ചാൽ പുനർനിർമാണം സാധ്യമല്ല.
കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുന്ന ഓരോ നിമിഷവും പുനരധിവാസപ്രവർത്തനത്തെ സാരമായി ബാധിക്കും. നിലവിൽ ആറു മാസത്തേക്കാണു വീട്ടു വാടക നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതു കഴിഞ്ഞാൽ സ്വന്തം നിലയ്ക്ക് വാടക നൽകേണ്ടി വരും. തോട്ടം മേഖലയിൽ ജോലി ചെയ്തിരുന്ന പലർക്കും തൊഴിലില്ല. അതിനാൽ ആറ് മാസം കഴിഞ്ഞാൽ വാടക എങ്ങനെ കൊടുക്കമെന്ന ആധിയിലാണ് പലരും. സ്ഥലമേറ്റെടുപ്പും വീടു നിർമാണവും ഓരോ ദിവസവും നീണ്ടുപോകുന്തോറും ദുരിത ബാധിതരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്.