‘പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചെങ്കിലും വയനാടിന് സഹായം നല്‍കിയില്ല; പ്രതിഷേധം അറിയിക്കും'
Mail This Article
തിരുവനന്തപുരം∙ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ലഭ്യമാക്കാത്തതിലുള്ള ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് മന്ത്രി കെ.രാജന്‍ നിയമസഭയില്‍ പറഞ്ഞു. 1202 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു കാണിച്ച് കേന്ദ്ര സര്‍ക്കാരിന് ഓഗസ്റ്റ് 17ന് നിവേദനം കൊടുത്തിരുന്നുവെന്നും സംസാരിച്ചെങ്കിലും സഹായം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍ വളരെ വൈകാരികമായി 1979ല്‍ അദ്ദേഹത്തിന്റെ നാട്ടില്‍ ഉണ്ടായ വലിയ ദുരന്തവുമായി വയനാട് ദുരന്തത്തെ താരതമ്യപ്പെടുത്തി. അപ്പോള്‍ സാധാരണ ജനം പ്രതീക്ഷിച്ചു. മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയെ കണ്ടപ്പോഴും ഇതേ വര്‍ത്തമാനം തന്നെ ആവര്‍ത്തിച്ചു. എന്നാൽ സഹായം ലഭിച്ചില്ല. ദുരന്തമേഖലയിലെ മുഴുവന്‍ ആളുകളുടെയും കടങ്ങള്‍ എഴുതിത്തള്ളണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ദുരിതാശ്വാസ നിധികളില്‍നിന്ന് കേരളത്തിനു കൊടുക്കാനുള്ള വിഹിതം അടിയന്തരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹിമാചല്‍ പ്രദേശ്, സിക്കിം, കര്‍ണാടക, തമിഴ്‌നാട് എന്നിവര്‍ക്ക് അനുവദിച്ചതുപോലെ വളരെ പെട്ടെന്ന് എന്തുകൊണ്ട് കേരളത്തിന് സഹായം കൊടുത്തില്ല എന്നും കോടതി ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.