വയനാട് പുനരധിവാസം: മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സർക്കാർ, അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചെന്നും നിയന്ത്രണം പാലിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന വിധത്തിലായിരിക്കരുത് വാർത്തകൾ നൽകുന്നതെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പാലിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവർ പറഞ്ഞു. വയനാട് ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമർശങ്ങൾ.
ദുരിതാശ്വാസവും പുനരധിവാസവുമായി ബന്ധപ്പെട്ട് തയാറാക്കിയ കണക്കുകൾ മാധ്യമങ്ങൾ തെറ്റായാണ് വ്യാഖ്യാനിച്ചത്. ഇത് ചെറുപ്പക്കാരായ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മനോവീര്യം തകർത്തെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗമായ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസ് കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾക്ക് ബോധ്യമുണ്ടെന്ന് പറഞ്ഞ കോടതി വിമർശനങ്ങളെ അവഗണിക്കാനും വയനാടിന്റെ കാര്യത്തിൽ ശ്രദ്ധിക്കാനും അഭിപ്രായപ്പെട്ടു.
വയനാട്ടിലെ പുനരധിവാസത്തിനായി 2 സ്ഥലങ്ങൾ തിരഞ്ഞെടുത്തതു സംബന്ധിച്ചുള്ള വിശദാംശങ്ങളും സർക്കാർ കോടതിയെ അറിയിച്ചു. ഇവിടെ പ്രഖ്യാപിച്ച സഹായങ്ങൾ ലഭിക്കാത്തതു സംബന്ധിച്ച പരാതികൾ ഭൂരിഭാഗവും പരിഹരിച്ചു എന്നും സർക്കാർ വ്യക്തമാക്കി. അർഹരല്ലാത്തവരുടെ പരാതികളാണ് തള്ളിയതെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യം അവരെ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.