‘അൻവറിന് വേണ്ടി യുഡിഎഫ് സ്ഥാനാർഥികളെ മാറ്റില്ല; രമ്യ ഹരിദാസിനെതിരായ പരാമർശം ദൗർഭാഗ്യകരം’

Mail This Article
പാലക്കാട്∙ പി.വി.അൻവറിന് ചേലക്കരയിലും പാലക്കാട്ടും സ്വാധീനമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വയനാട്ടിൽ വേണമെങ്കിൽ അൻവറിന് തങ്ങളെ പിന്തുണയ്ക്കാം. അൻവറിനു വേണ്ടി ഒരു യുഡിഎഫ് സ്ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ മത്സരിക്കണമോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. അതേസമയം, രമ്യ ഹരിദാസിനെതിരായ അൻവറിന്റെ പരാമർശം ദൗർഭാഗ്യകരമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പി.വി. അൻവറിനെതിരെ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തി. പിണറായിയുടെ നാവായി പ്രവർത്തിച്ച ആളാണ് അൻവർ. രാഹുൽ ഗാന്ധിയെയും വി.ഡി.സതീശനെയും വരെ ആ നാവുകൊണ്ട് അൻവർ അധിക്ഷേപിച്ചു. അൻവറിന്റെ ഒരു ഉപാധിയും കോൺഗ്രസ് അംഗീകരിക്കില്ലെന്നും വഴിമുടക്കി അൻവർ നിൽക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പിണറായി മുഖ്യ ശത്രുവാണങ്കിൽ യുഡിഎഫിനെ അൻവർ പിന്തുണയ്ക്കണം. എന്നാൽ തന്റെ വലിപ്പം സ്വയം പെരുപ്പിച്ച് കാണിക്കാനാണ് അൻവർ ശ്രമിക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.