ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി മോദി; ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നാളെ, 5 വർഷത്തിനിടെയുള്ള ആദ്യ ചർച്ച
Mail This Article
കസാൻ∙ ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയുടെ കാര്യം വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനുശേഷമാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തുന്നത്. ലഡാക്ക് അതിർത്തി തർക്കത്തിൽ ഇന്ത്യയും ചൈനയും അയവു വരുത്തിയതിനു പിന്നാലെയാണ് മോദിയും ഷി ചിൻപിങ്ങും ഒന്നിച്ച് ഒരു വേദിയിലെത്തുന്നത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തുടങ്ങിയവരുമായി മോദി ചൊവ്വാഴ്ച ചർച്ച നടത്തി. ജൂലൈയിൽ പെസഷ്കിയാൻ ഇറാൻ പ്രസിഡന്റായതിനുശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.
പശ്ചിമേഷ്യൻ സംഘർഷം ഉച്ചകോടിയിൽ പ്രധാന വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെയും പുട്ടിൻ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും മോദി ചർച്ച നടത്തിയിരുന്നു. റഷ്യ–യുക്രെയ്ൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണമെന്ന് മോദി പുട്ടിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം സമാധാനവും സ്ഥിരതയും തിരികെ സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും. സമാധാനത്തിനായി എന്തു പങ്കു വഹിക്കാനും ഇന്ത്യ സന്നദ്ധരാണ്’–മോദി പറഞ്ഞു.