അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം; എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു
Mail This Article
പാലക്കാട്∙ സിപിഎം വിട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു. പാലക്കാട് ഏരിയ കമ്മിറ്റി അംഗമാണ് ഷുക്കൂർ. പാർട്ടിയിലെ തർക്കങ്ങൾ നേതൃത്വം ഇടപെട്ട് ചർച്ചയിലൂടെ പരിഹരിച്ചെന്നാണ് സൂചന. എൻ.എൻ.കൃഷ്ണദാസിനൊപ്പമാണ് ഷൂക്കൂര്‍ വേദിയിലെത്തിയത്. ഷുക്കൂർ പാർട്ടി വിടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നേരത്തെ വ്യക്തമാക്കിയിരുന്നു. എം.വി.ഗോവിന്ദനാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.
പാർട്ടിയിലെ കടുത്ത അവഗണനയിൽ മനംനൊന്താണ് രാജിയെന്ന് ഷുക്കൂർ വാട്സാപ് സ്റ്റാറ്റസിൽ ചൂണ്ടിക്കാട്ടിയിരുന്നു. ‘‘അഭിനയിക്കുന്നവർ അരങ്ങുവാഴുന്ന കാലത്ത് ആത്മാർഥതയ്ക്ക് എന്തുവില? ആട്ടും തുപ്പുമേറ്റ് എന്തിന് ഇതിൽ നിൽക്കണം? ഇനിയില്ല ഈ കൊടിക്കൊപ്പം...’’– വാട്‌സാപ് സ്റ്റാറ്റസ് ചർച്ചയായതോടെ ബിജെപിയും കോൺഗ്രസും അബ്ദുൽ ഷുക്കൂറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാൻ തയാറായി രംഗത്തുവന്നു. ഉപതിരഞ്ഞെടുപ്പിൽ ഷുക്കൂർ ഒപ്പമുണ്ടാകുന്നത് നേട്ടമാണെന്ന് ഇരുപാർട്ടികളും വിലയിരുത്തി.
നേതാക്കൾ ഷുക്കൂറിന്റെ വസതിയിലെത്തി ചർച്ച നടത്തിയതോടെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ രംഗത്തിറങ്ങുകയായിരുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടതോടെയാണ് ഷൂക്കൂർ കൺവെൻഷനിലെത്തിയത്. പി.സരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട് ഷുക്കൂർ നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. സരിനെ ജില്ലാ സെക്രട്ടറി സ്വീകരിച്ചതുപോലെ പാർട്ടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു ഷുക്കൂർ അഭിപ്രായപ്പെട്ടത്.