ദുരന്തം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പുനരധിവാസമില്ല; ധർണ നടത്തി മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതർ
Mail This Article
കൽപറ്റ∙ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് വയനാട് കലക്ടറേറ്റിന് മുന്നില്‍ മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ധര്‍ണ. ദുരന്തം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിസംഗത കാണിക്കുന്നു എന്നാരോപിച്ചാണ് ജനശബ്ദം ജനകീയ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ ദുരന്തബാധിതർ പ്രതിഷേധം സംഘടിപ്പിച്ചത്. ദുരന്തം നേരിട്ട് ബാധിച്ചവരും ഇതിന് അടുത്ത പ്രദേശത്തായി താമസിക്കുന്നവരും ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുമാണ് ധര്‍ണയില്‍ പങ്കെടുത്തത്.
കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കി ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് അനുവദിക്കുക, ജോൺ മത്തായി കമ്മിഷൻ റിപ്പോർട്ട് തള്ളിക്കളഞ്ഞ് പുതിയ കമ്മിഷനെ നിയോഗിച്ച് ദുരന്ത സാധ്യത പ്രദേശങ്ങൾ അടയാളപ്പെടുത്തുക, ഉരുൾപൊട്ടലിൽ തകർന്ന കെട്ടിട ഉടമകളെ ദുരിത ബാധിതരായി കണക്കാക്കി ധനസഹായം പ്രഖ്യാപിക്കുക, പുനരവധിവസിപ്പിക്കേണ്ട ആളുകളുടെ പൂർണമായ ലിസ്റ്റ് പുറത്തുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ജൂലൈ 30ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുൾപൊട്ടലിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഔദ്യോഗിക കണക്കുപ്രകാരം 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍നിന്നുമായി കണ്ടെത്തിയത്. മൂന്നുമാസം പിന്നിടുമ്പോഴും ദുരന്തത്തിൽ ബാക്കിയായവരെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അടിയന്തര സഹായം ഇപ്പോഴും കിട്ടാത്തവർ നൂറിലധികമുണ്ട്. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാൻ ഭരണകൂടത്തിനായിട്ടില്ല. പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന് വേണ്ട സ്ഥലമെടുപ്പും നിയമക്കുരുക്കിൽ അനിശ്ചിതത്വത്തിലായി. ഇതോടെയാണ് ദുരന്തബാധിതർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്.