സ്റ്റെതസ്കോപ്പിനു വോട്ടു തേടി സരിൻ; പാലക്കാട്ട് പാർട്ടി ചിഹ്നമില്ലാതെ സിപിഎം മത്സരം മൂന്നാം തവണ
Mail This Article
കോട്ടയം ∙ ഇടതു സ്വതന്ത്രൻ ഡോ. പി.സരിൻ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര ചിഹ്നമായ സ്റ്റെതസ്കോപ്പിലാണു മത്സരിക്കുന്നത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ, സിപിഎം രൂപീകൃതമായതിനു ശേഷം ഇടതു സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്തത് ഇതു മൂന്നാം തവണയാണ്. 1965 മുതൽ നടന്ന 14 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 12 തവണയും ഇടതു സ്ഥാനാർഥികൾ മത്സരിച്ചതു ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലാണ്.
1980ൽ ഇടതുമുന്നണിയിൽ പാലക്കാട് സീറ്റ് അനുവദിച്ചത് അരശ് കോൺഗ്രസിനാണ്. കോൺഗ്രസ് (യു) അന്ന് കളത്തിലിറക്കിയതു മുതിർന്ന നേതാവ് കെ.എ.ചന്ദ്രനെ. ചർക്ക ആയിരുന്നു ചിഹ്നം. കെ.എ.ചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥി സി.എം.സുന്ദരത്തിനോടു പരാജയപ്പെട്ടു. ഇന്നത്തെ സാഹചര്യത്തിനു സമാനമായി 1982ൽ സി.എം.സുന്ദരത്തിന് എതിരെ എൽഡിഎഫ് ഡിസിസി സെക്രട്ടറി എൻ.എ.കരീമിനെയാണു സ്ഥാനാർഥിയാക്കിയത്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച കരിം പരാജയപ്പെട്ടു.
വർഷങ്ങൾക്കു മുൻപു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും പാർട്ടി ചിഹ്നം വിട്ട് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കന്നി മത്സരത്തിൽ 1970ൽ പുതുപ്പള്ളിയിൽ മത്സരിക്കുമ്പോൾ സ്വതന്ത്ര ചിഹ്നമായ തെങ്ങിലാണു പോരാട്ടം നടത്തിയത്. 1969ൽ ദേശീയതലത്തിൽ കോൺഗ്രസ് ഇന്ദിരാ കോൺഗ്രസ്, സംഘടനാ കോൺഗ്രസ് എന്ന ലേബലുകളിൽ രണ്ടായി പിളർന്നു. തുടർന്നു പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ നുകംവച്ച കാള തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. തൊട്ടു പിന്നാലെ നടന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ് സ്ഥാനാർഥികൾ തെങ്ങ് ചിഹ്നത്തിലാണു മത്സരിച്ചത്. അന്ന് ഉമ്മൻ ചാണ്ടിയെ സ്വതന്ത്രനായിട്ടാണു പരിഗണിച്ചത്. പിന്നീട് 1982ലും സമാന സാഹചര്യമായിരുന്നു ഉമ്മൻ ചാണ്ടിക്ക്. കോൺഗ്രസ് (എസ്) വിട്ട് കേരളത്തിൽ എ.കെ.ആന്റണിയും കൂട്ടരും കോൺഗ്രസ് (എ) എന്ന ലേബലിലാണു മത്സരിച്ചത്. അന്നും ഉമ്മൻ ചാണ്ടിയെ സ്വതന്ത്രനായിട്ടാണു തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിച്ചത് . ലഭിച്ചത് സ്വതന്ത്ര ചിഹ്നമായ രണ്ടിലയും.
1987ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു മാണി, ജോസഫ് ഗ്രൂപ്പുകളായി കേരള കോൺഗ്രസ് പിളർന്നു. സംയുക്ത കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ആയിരുന്നതിനാൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരവും പാർട്ടി ചിഹ്നമായ കുതിരയും ജോസഫിനു ലഭിച്ചു. അന്ന് കെ.എം.മാണിയെ സ്വതന്ത്രനായിട്ടാണു തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചത്. മത്സരിക്കാൻ സ്വതന്ത്ര ചിഹ്നമായ രണ്ടില മാണി സ്വീകരിച്ചു. രണ്ടില പിന്നീട് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ഒൗദ്യോഗിക ചിഹ്നമായി മാറി. കെ.എം.മാണിയുടെ മരണത്തിനു ശേഷം 2019 ലെ പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നം വിവാദമായി. കേരള കോൺഗ്രസിലെ (എം) പടലപിണക്കം കാരണം പാർട്ടി സ്ഥാനാർഥി ജോസ് ടോം രണ്ടില ഉപേക്ഷിച്ചു കൈതച്ചക്ക ചിഹ്നത്തിൽ മത്സരിക്കേണ്ടി വന്നു. രണ്ടിലയിൽനിന്നു കൈതച്ചക്കയിലെത്തിയപ്പോൾ പാലായിലെ വോട്ടർമാർ കെ.എം.മാണിയുടെ പിന്തുടർച്ചക്കാരനെ തള്ളി.
∙ ചിഹ്നത്തിന്റെ പ്രസക്തി
രാഷ്ട്രീയാ പാർട്ടികൾക്കു സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നം അവരുടെ ഐഡന്റിറ്റിയുടെ ഭാഗമാണ്. രാഷ്‌ട്രീയ പാർട്ടികളുടെ അംഗീകാരം സംബന്ധിച്ചുള്ള വ്യവസ്‌ഥകൾ ഇലക്‌ഷൻ സിംബൽസ് (റിസർവേഷൻ ആൻഡ് അലോട്ട്‌മെന്റ്) ആക്ട് പ്രകാരമാണു നിർവചിച്ചിരിക്കുന്നത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചു വരുന്ന സ്ഥാനാർഥി പാർട്ടി വിപ്പ് അനുസരിക്കാൻ ബാധ്യസ്ഥനാണ്. വിരുദ്ധമായി പ്രവർത്തിച്ചാൽ കൂറുമാറ്റ നിരോധന നിയമം വഴി അംഗത്വം നഷ്ടമാകും. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചു ജയിക്കുന്നവർക്കു നിയമസഭയിലും ലോക്സഭയിലും സ്വതന്ത്ര രാഷ്ട്രീയ നിലാപാടുകൾ സ്വീകരിക്കാം.
∙ ചിഹ്നം അനുവദിക്കുന്നതെങ്ങനെ?
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ഒൗദ്യോഗിക ഭാരവാഹി, വരണാധികാരിക്കു നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് ചിഹ്നം അനുവദിക്കുക. സാധാരണയായി അതതു പാർട്ടികളുടെ ജില്ലയിലെ പ്രധാന ഭാരവാഹിയാണു ചിഹ്നം സംബന്ധിച്ച കത്ത് നൽകുന്നത്. കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾക്കു ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരാണു കത്തു നൽകാറുള്ളത്. സിപിഎമ്മിൽ ജില്ലാ സെക്രട്ടറിക്കാണ് അധികാരം. സ്വതന്ത്ര സ്ഥാനാർഥികൾക്കു സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിൽ നിന്നാകും ചിഹ്നം അനുവദിക്കുക. ഇവർക്കു മുൻഗണനാ ക്രമത്തിൽ മൂന്നു ചിഹ്നങ്ങൾ ആവശ്യപ്പെടാം. ഇതിൽനിന്നു ലഭ്യത അനുസരിച്ചാവും വരണാധികാരി സ്വതന്ത്രർക്ക് ചിഹ്നം കൊടുക്കുക.
സ്വാതന്ത്രത്തിന് മുൻപു വിവിധതരം വോട്ടിങ് രീതികൾ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും തിരു കൊച്ചിയിലും കേരളത്തിലുമെല്ലാം ഈ രീതികൾ പരീക്ഷിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു ‘കളർ ബോക്‌സ് സിസ്‌റ്റം’. ഇതനുസരിച്ച് എല്ലാ പോളിങ് ബൂത്തുകളിലും സ്‌ഥാനാർഥിയുടെ എണ്ണമനുസരിച്ച് അത്രയും ബാലറ്റ് ബോക്‌സുകൾ സജ്‌ജീകരിച്ചിട്ടുണ്ടാവും. പെട്ടികൾക്കു വ്യത്യസ്‌ത നിറങ്ങളായിരിക്കും. ഓരോ പെട്ടിയിലും ഓരോ സ്‌ഥാനാർഥിയുടെ പേരും ഉണ്ടായിരിക്കും. ബാലറ്റ് പേപ്പർ തനിക്കിഷ്‌ടപ്പെട്ട സ്‌ഥാനാർഥിയുടെ പെട്ടിയിൽ സമ്മതിദായകനു നിക്ഷേപിക്കാം.
ലോക്‌സഭയിലേക്കു നടന്ന 1952ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പ് മുതൽ കളർ ബോക്‌സ് സിസ്‌റ്റത്തിനു ചെറിയ പരിഷ്‌കാരം വരുത്തി. ബാലറ്റ് പെട്ടികൾക്കു വ്യത്യസ്‌ത നിറങ്ങൾ നൽകുന്നതിനു പകരമായി സ്‌ഥാനാർഥിയുടെ ചിഹ്നം ബാലറ്റ് പെട്ടിയിൽ പതിപ്പിക്കാൻ തുടങ്ങി. അങ്ങനെയാണു കാളപ്പെട്ടിയും കടുവാപ്പെട്ടിയും ആനപ്പെട്ടിയും തിരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. കളർ ബോക്‌സ് സിസ്‌റ്റത്തിലേതു പോലെ ബാലറ്റ് പേപ്പർ ഇഷ്‌ടപ്പെട്ട സ്‌ഥാനാർഥിയുടെ പെട്ടിയിൽ സമ്മതിദായകനു നിക്ഷേപിക്കാം.
∙ മാർക്കിങ് സിസ്‌റ്റം
ബാലറ്റ് പേപ്പർ ചിഹ്നം ഒട്ടിച്ച ബോക്സിൽ നിക്ഷേപിക്കുന്ന രീതി അധികനാൾ നീണ്ടില്ല. തുടർന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രചാരം നേടിയ മാർക്കിങ് സിസ്‌റ്റം കൊണ്ടുവന്നു. കേരളത്തിൽ 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലാണു മാർക്കിങ് സിസ്‌റ്റം ആദ്യമായി പരീക്ഷിച്ചത്. മാർക്കിങ് സിസ്‌റ്റമനുസരിച്ച് ബാലറ്റു പേപ്പറിൽ ഓരോ സ്‌ഥാനാർഥിയുടെയും പേരും പേരിനോട് ചേർന്നു വലതു വശത്തായി സ്‌ഥാനാർഥിക്ക് അനുവദിച്ചിട്ടുള്ള ചിഹ്നവും രേഖപ്പെടുത്തും. സമ്മതിദായകനു ബാലറ്റ് പേപ്പറിൽ അനുവദിച്ചിരിക്കുന്ന സ്‌ഥലത്തു വോട്ടു രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പർ ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കാം. പിന്നീട് സങ്കേതിക പുരോഗതിക്ക് അനുസരിച്ച് വോട്ടിങ് രീതിയിലും കാലത്തിനൊത്ത മാറ്റം സ്വീകരിച്ചു.
∙ വോട്ടിങ് യന്ത്രം വന്നു, ചിഹ്നം മാറിയില്ല
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വരവാണ് ഈ രംഗത്തെ പുതിയ പരിഷ്‌കാരം. ഇന്ത്യയിൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള ഭാഗ്യം ലഭിച്ചതു കേരളത്തിനായിരുന്നു. 1982ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പറവൂർ നിയോജക മണ്ഡലത്തിലെ 56 ബൂത്തുകളിലാണു വോട്ടിങ് യന്ത്രം ആദ്യം പരീക്ഷിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം വിവാദവും കോടതി കയറി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സ്‌ഥാനാർഥി എ.സി.ജോസ് വോട്ടിങ് യന്ത്രത്തിന്റെ സാധുത കോടതിയിൽ ചോദ്യം ചെയ്‌തു. വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനു സാധുതയില്ലെന്നു സുപ്രീംകോടതി വിധിച്ചു. തുടർന്നു പറവൂരിൽ വോട്ടിങ് യന്ത്രം ഉപയോഗിച്ച എല്ലാ ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്തി. പിന്നീട് വോട്ടിങ് യന്ത്രം ഉപയോഗിക്കാവുന്ന രീതിയിൽ ജനപ്രാതിനിധ്യ നിയമം 1989ൽ ഭേദഗതി വരുത്തി. 2004 ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ രാജ്യവ്യാപകമായി വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ തുടങ്ങി.