ഹോട്ടൽ മുറികളിൽ പരിശോധന പരാതി ലഭിച്ചാൽ; തിരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്ഒപിയിലെ നടപടിക്രമങ്ങള്‍ ഇങ്ങനെ
Mail This Article
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട്, പാതിരായ്ക്ക് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ മുറിയുടെ കതകില്‍ മുട്ടി കള്ളപ്പണവേട്ടയ്ക്ക് എത്തിയ കേരളാ പൊലീസിന്റെ നടപടിയാണ് ഏറെ വിവാദമായിരിക്കുന്നത്. സാധാരണയായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികൃതരാണ് അനധികൃത പണം കൈമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന ശക്തമാക്കാറുള്ളത്. വാഹനങ്ങളില്‍ പണം കടത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കമ്മിഷന് ഫ്ളൈയിങ് സ്ക്വാഡുകളും നിരീക്ഷണ സംവിധാനങ്ങളും ഉള്‍പ്പെടെ രൂപീകരിച്ചാണു പരിശോധനകള്‍ നടത്തുന്നത്. പ്രത്യേക പരാതി ലഭിച്ചാല്‍ മാത്രമാണ് ഹോട്ടല്‍ മുറികളില്‍ പരിശോധന നടത്താറുള്ളതെന്ന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രക്രിയ ഏകോപിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു. പരാതി ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സഹായത്തോടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ് ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അതത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാര്‍ക്ക് കള്ളപ്പണം ഉള്‍പ്പെടെയുള്ളവ പിടിക്കാനുള്ള നടപടിക്രമങ്ങള്‍ (എസ്ഒപി) അയച്ചു നല്‍കും. ഫ്ളൈയിങ് സ്ക്വാഡ്, പ്രത്യേക നിരീക്ഷണ സംഘങ്ങള്‍ എന്നിവ രൂപീകരിച്ച് തിരഞ്ഞെടുപ്പ് ചെലവ്, വോട്ടിന് പണവും മറ്റ് സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത്, ആയുധങ്ങളും മദ്യവും എത്തിക്കല്‍ തുടങ്ങിയവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്ഒപിയില്‍ പറയുന്നു. ഓരോ ജില്ലയിലും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥനെയും നിയോഗിക്കും. പൊലീസും മറ്റും പിടിച്ചെടുക്കുന്ന പണവും മറ്റും പരിശോധിക്കാന്‍ ജില്ലാതലത്തില്‍ മൂന്നംഗ സമിതി രൂപീകരിക്കണം. പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ സമിതി പരിശോധിച്ച് പണം തിരിച്ചു നല്കാന് അടിയന്തരമായി നടപടി സ്വീകരിക്കണം.
ഓരോ നിയമസഭാ മണ്ഡലങ്ങളിലും കുറഞ്ഞത് മൂന്നു ഫ്ളൈയിങ് സ്ക്വാഡുകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ പോളിങ് അവസാനിക്കുന്നതു വരെ പ്രവര്‍ത്തിക്കണമെന്ന് 2015ലെ എസ്ഒപി വ്യക്തമാക്കുന്നു. സീനിയർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും വിഡിയോഗ്രഫറും മൂന്നോ നാലോ പൊലീസുകാരും സ്ക്വാഡില്‍ ഉണ്ടാകണം. ഓരോ ടീമിനും വാഹനവും മൊബൈല്‍ ഫോണും വിഡിയോ ക്യാമറയും പണം പിടിച്ചെടുക്കാന്‍ ആവശ്യമായ രേഖകളും നല്‍കിയിരിക്കണം. റോഡുകളില്‍ ചെക്ക്പോസ്റ്റുകള്‍ സജ്ജീകരിച്ച് പരിശോധന നടത്തുകയും നടപടികള്‍ പൂര്‍ണമായി വിഡിയോയില്‍ പകര്‍ത്തുകയും വേണം. അപ്രതീക്ഷിത സ്ഥലങ്ങളില്‍ വേണം പരിശോധന നടത്താന്‍. അനധികൃത പണമിടപാടു സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടന്‍ തന്നെ സ്ക്വാഡ് അവിടെ എത്തി പരിശോധന നടത്തണം. സംശയമുണ്ടെങ്കില്‍ സ്ക്വാഡിലുള്ള പൊലീസ് ഉദ്യോഗസ്ഥന് പണം പിടിച്ചെടുത്ത് സാക്ഷികളുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി കേസ് കോടതിയില്‍ എത്തിച്ചുവെന്ന് ഉറപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലത്തിനും 95 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് ചെലവിന് സ്ഥാനാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുക. ചെറിയ സംസ്ഥാനങ്ങളില്‍ ഇത് 75 ലക്ഷമാണ്. തിരഞ്ഞെടുപ്പ് സമയത്ത് 10 ലക്ഷം രൂപയ്ക്കു മുകളിലോ ഒരു കിലോയില്‍ അധികം സ്വര്‍ണമോ ആരെങ്കിലും കൊണ്ടുപോകുന്നതു കണ്ടെത്തിയാല്‍, സംശയകരമാണെങ്കില്‍ പൊലീസിനു പിടിച്ചെടുക്കാം. അല്ലെങ്കില്‍ അത് ആദായനികുതി വകുപ്പിനെ അറിയിക്കണം. രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു പിടിച്ചെടുക്കാം. സ്ഥാനാര്‍ഥികളുമായോ പാര്‍ട്ടികളുമായോ ബന്ധമില്ലെന്നു പരിശോധനയിലൂടെ കണ്ടെത്തുന്നതുവരെ പണം അധികൃതര്‍ക്കു സൂക്ഷിക്കാന്‍ കഴിയും.
സ്ഥാനാര്‍ഥിയുടെയോ ഏജന്റിന്റെയോ വാഹനത്തില്‍ 50,000 രൂപയില്‍ കൂടുതലും 10000 രൂപയില്‍ അധികം വിലപിടിപ്പുള്ള സമ്മാനങ്ങളും കൊണ്ടുപോയാല്‍ പിടിച്ചെടുക്കാന്‍ കഴിയും. പിടിച്ചെടുക്കുന്ന പണവും സാധനങ്ങളും കോടതി നിര്‍ദേശിക്കുന്ന തരത്തില്‍ സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിക്കുന്നു. ജില്ലാതല സമിതി പരിശോധിച്ച് നിയമപരമാണെന്നു കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പണം തിരിച്ചു നല്‍കാനുള്ള നടപടി സ്വീകരിക്കണം.
തിരഞ്ഞെടുപ്പ് കാലത്ത് ബാങ്കുകളിലെ അസാധാരണ പണമിടപാടുകളും നിരീക്ഷിക്കണമെന്ന് എസ്ഒപിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ബാങ്കുകളില്‍നിന്ന് ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ നടക്കുന്ന സംശയകരമായ നിക്ഷേപത്തിന്റെയും പിന്‍വലിക്കലിന്റെയും വിവരം ശേഖരിച്ച് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം. 10 ലക്ഷത്തിനു മുകളിലുള്ള ഇടപാട് ആണങ്കില്‍ ആദായനികുതി വകുപ്പിനെ അറിയിക്കണം. സംശയകരമായ ഇടപാടുകളുടെ പട്ടിക ഓരോ ദിവസവും നല്കാന് ബാങ്കുകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബംഗാള്‍ തിരഞ്ഞെടുപ്പ് വേളയില്‍ അനധികൃത പണമിടപാട് നിയന്ത്രിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടുത്തിയിരുന്നു. മുന്‍പ് ആദായനികുതി വകുപ്പ്, റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളെയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്തവണ ഇഡിയുടെ സേവനം കൂടി ആദ്യമായി ആവശ്യപ്പെടുകയായിരുന്നു. അതിര്‍ത്തി കടന്നുള്ള പണം ഒഴുക്കും അനധികൃത ബാങ്കിങ് ഇടപാടുകളും ഇഡി നിരീക്ഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കുകയും ചെയ്തു. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ 8,889 കോടി രൂപ വില വരുന്ന വസ്തുക്കളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പിടിച്ചെടുത്ത്. പണമായി 849.15 കോടി രൂപ പിടിച്ചു. 814.85 കോടിയുടെ മദ്യം, 3,958.58 കോടിയുടെ ലഹരിമരുന്ന്, 1260.33 കോടിയുടെ സ്വര്‍ണം, 2006.56 കോടിയുടെ സമ്മാനങ്ങളും മറ്റും വസ്തുക്കളും എന്നിവയാണ് കമ്മിഷന് പരിശോധനയില്‍ പിടിച്ചത്.