രാഹുലിന്റെ പ്രചാരണ വിഡിയോ: ‘ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു’; പൊലീസിൽ പരാതി നൽകി സിപിഎം

Mail This Article
പത്തനംതിട്ട∙ സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ പാർട്ടി പൊലീസിൽ പരാതി നൽകി. ഇ-മെയിൽ മുഖേന പത്തനംതിട്ട എസ്പിക്കാണ് പരാതി നൽകിയത്. പേജ് ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതി സൈബർ സെല്ലിന് കൈമാറുമെന്ന് എസ്പി പറഞ്ഞു. പൊലീസിൽ പരാതി നൽകാൻ കോൺഗ്രസ് സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി നടപടി.
വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് നേരത്തെ വാർത്ത പുറത്തു വന്നിരുന്നു. പേജ് അഡ്മിൻമാരിൽ ഒരാൾ വിഡിയോ അപ്‌ലോഡ് ചെയ്തതാണെന്നാണ് വ്യക്തമായത്. വിഡിയോ വന്ന സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞിരുന്നത്.
എന്നാൽ ഹാക്കിങ്ങല്ലെന്നും സിപിഎം പ്രവർത്തകർ തനിക്ക് നൽകിയ പിന്തുണ ആണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. വിഡിയോ വന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ചു പണിതു. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.