‘യുക്രെയ്ൻ യുദ്ധം വഷളാക്കരുത്’: പുട്ടിനുമായി സംസാരിച്ച് ട്രംപ്; വാർത്ത നിഷേധിച്ച് റഷ്യ
Mail This Article
വാഷിങ്ടൺ∙ യുക്രെയ്‌നിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനോട് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്നു ഫോണിലൂടെയാണു ട്രംപ് ഇക്കാര്യം പുട്ടിനോട് ആവശ്യപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും സംഭാഷണം.
യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യത്തെ കുറിച്ച് പുട്ടിനെ ട്രംപ് ഓർമിപ്പിച്ചതായും യുക്രെയ്നിലെ യുദ്ധം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. പുട്ടിനുമായുള്ള ഫോൺ സംഭാഷണത്തിൽ, സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ട്രംപ് ഊന്നിപ്പറയുകയും വിഷയത്തിൽ റഷ്യയുമായി ഭാവി ചർച്ചകളിൽ ഏർപ്പെടാനുള്ള സന്നദ്ധത സൂചിപ്പിക്കുകയും ചെയ്തു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി ട്രംപ് ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന്റെ തുടർച്ചയായാണു പുട്ടിനുമായുള്ള സംഭാഷണം.
അതേസമയം യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും ഡോണൾഡ് ട്രംപും ഫോണിൽ സംസാരിച്ചുവെന്ന വാർത്ത റഷ്യൻ സർക്കാർ നിഷേധിച്ചു. തികച്ചും തെറ്റായ വിവരമാണ് പുറത്തുവന്നതെന്നും ഒരു ഫോൺ കോളും നടന്നിട്ടില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഎസ് മാധ്യമമായ വാഷിങ്ടൻ പോസ്റ്റാണ് നേരത്തെ പുട്ടിൻ – ട്രംപ് ഫോൺ സംഭാഷണ വാർത്ത പുറത്തുവിട്ടത്.