ഡോ. വന്ദന ദാസിന്റെ കൊലപാതകം: സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്
Mail This Article
ന്യൂഡൽഹി∙ ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ. റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ്, ഹർഷദ് വി.ഹമീദ് എന്നിവർ കോടതിയെ അറിയിച്ചു. എന്നാൽ മാനസികനില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ ആശുപത്രിയിൽ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഹർജി തീർപ്പാക്കുന്നത് വരെ കേസിലെ വിചാരണ നടപടികൾ നിർത്തിവച്ചിരിക്കുകയാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം അംഗീകരിച്ചില്ല. സന്ദീപ് സമർപ്പിച്ച ഹർജിയുടെ പകർപ്പ് സംസ്ഥാനത്തിന് കൈമാറുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പകർപ്പ് എത്രയും വേഗം കൈമാറാൻ കോടതി നിർദേശം നൽകി. കേസ് ഡിസംബർ 13ന് വീണ്ടും പരിഗണിക്കും.