ADVERTISEMENT

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് ഇന്നു മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയായിരുന്നു റെക്കോർഡ് വീഴ്ച. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപം (എഫ്ഐഐ നിക്ഷേപം) വൻതോതിൽ കൊഴിയുന്നതും യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതിനു പിന്നാലെ ഡോളർ കരുത്താർജിച്ചതുമാണു തിരിച്ചടി.

ഒക്ടോബറിൽ 1.14 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞ വിദേശ ധനകാര്യസ്ഥാപനങ്ങൾ (എഫ്ഐഐ) ഈ മാസം ആദ്യ ആഴ്ചയിൽ മാത്രം 20,000 കോടി രൂപയുടെ ഓഹരികളും വിറ്റുപിന്മാറി. വിദേശനാണയ ശേഖരത്തിൽനിന്നു വൻതോതിൽ ഡോളർ വിറ്റഴിച്ച് രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് ശ്രമിക്കുന്നുണ്ട്. അല്ലായിരുന്നെങ്കിൽ, ഇന്നു രൂപ കൂടുതൽ ദുർബലമാകുമായിരുന്നു. റിസർവ് ബാങ്കിന്റെ ഈ നടപടിമൂലം ഇന്ത്യയുടെ വിദേശനാണയ ശേഖരം വൻതോതിൽ കുറയുന്നുമുണ്ട്. നവംബർ ഒന്നിനു സമാപിച്ച ആഴ്ചയിൽ 267.5 കോടി ഡോളറിന്റെയും തൊട്ടുമുമ്പത്തെ ആഴ്ചയിൽ 346.3 കോടി ഡോളറിന്റെയും ഇടിവാണു ശേഖരത്തിലുണ്ടായത്. സെപ്റ്റംബറിൽ 70,000 കോടി ഡോളർ‌ എന്ന നാഴികക്കല്ല് ആദ്യമായി ഭേദിച്ച വിദേശനാണയ ശേഖരം നിലവിലുള്ളത് 68,213 കോടി ഡോളറിൽ.

യൂറോ, യെൻ എന്നിങ്ങനെ ലോകത്തെ ആറു മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ‌ ഇൻഡക്സ് മാസങ്ങളുടെ ഇടവേളയ്ക്കുശേഷം 105 നിലവാരത്തിനു മുകളിലെത്തുകയും ഡോളറിന്റെ കരുത്തിനു മുന്നിൽ ജാപ്പനീസ് യെൻ അടക്കമുള്ള മുൻനിര ഏഷ്യൻ കറൻസികൾ വീണതും രൂപയ്ക്കു വൻ സമ്മർദ്ദമാകുകയാണ്.

ദിർഹവും മുന്നോട്ട്, പ്രവാസികൾ ഹാപ്പി!

ഡോളറിനെതിരെയും യുഎഇ ദിർഹം, സൗദി റിയാൽ എന്നിവ ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം താഴ്ന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ സന്തോഷത്തിൽ. ഏതാനും മാസംമുമ്പുവരെ ഒരു ഡോളർ നാട്ടിലേക്ക് അയച്ചാൽ 83 രൂപയോളമാണു കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ 84.38 രൂപ കിട്ടും. നേരത്തേ ഒരു യുഎഇ ദിർഹം നാട്ടിലേക്ക് അയച്ചാൽ 22 രൂപയോളമാണ് കിട്ടിയിരുന്നെങ്കിൽ ഇന്നത് 22.99 രൂപയെന്ന റെക്കോർഡാണ്. യുഎഇ ദിർഹം, സൗദി റിയാൽ തുടങ്ങിയ ഗൾഫ് കറൻസികളുടെ അടിസ്ഥാനം യുഎസ് ഡോളർ തന്നെയാണെന്നതിനാൽ, ഡോളർ കുതിക്കുമ്പോൾ ഈ കറൻസികളുടെ മൂല്യവും ആനുപാതികമായി ഉയരും.

ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നേരത്തേ ഒന്നാംസ്ഥാനത്തായിരുന്നെങ്കിലും അടുത്തിടെ, മഹാരാഷ്ട്ര കേരളത്തെ മറികടന്നിരുന്നു. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണത്തിന്റെ ഏകദേശം 10 ശതമാനമാണ് കേരളത്തിലേക്ക് ഒഴുകുന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം (ഫോറിൻ റെമിറ്റൻസ്) നേടുന്ന രാജ്യമാണ് ഇന്ത്യ. ലോകബാങ്കിന്റെ കണക്കുപ്രകാരം 2003ൽ റെക്കോർഡ് 12,500 കോടി ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയത്.

നേട്ടവും കോട്ടവും

രൂപയുടെ വീഴ്ച ഇന്ത്യക്ക് ഒരേസമയം നേട്ടവും കോട്ടവുമാണ്. രൂപ ദുർബലമാകുന്നതോടെ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കു കൂടുതൽ പണം കണ്ടെത്തേണ്ടി വരും. ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ ഇറക്കുമതിച്ചെലവേറും. ഇത് ഇവയുടെ ആഭ്യന്തര വില വർധിക്കാനിടയാക്കും. പണപ്പെരുപ്പം കൂടും. ഇറക്കുമതിച്ചെലവ് ഉയരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി (ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം), കറന്റ് അക്കൗണ്ട് കമ്മി (വിദേശനാണയ വരുമാനവും ചെലവും തമ്മിലെ അന്തരം) എന്നിവയും കൂടാനിടയാക്കും. ഇതു സർക്കാരിനും റിസർവ് ബാങ്കിനും സമ്മർദമാകും. സർക്കാർ ഇറക്കുമതി നിയന്ത്രണങ്ങളിലേക്കു കടന്നേക്കാം.

മറ്റൊന്ന് വിദേശയാത്ര, വിദേശപഠനം എന്നിവയ്ക്കു കൂടുതൽ പണം കണ്ടെത്തേണ്ടി വരുമെന്നതാണ്. ഇതു വിദേശത്ത് പഠിക്കുന്നവർക്കും വിദേശയാത്ര തീരുമാനിച്ചവർക്കും തിരിച്ചടിയാണ്. അതേസമയം, കയറ്റുമതി രംഗത്തുള്ളവർക്കു രൂപയുടെ വീഴ്ച നേട്ടമാകും. കയറ്റുമതിയിലൂടെ കൂടുതൽ വിദേശനാണ്യ വരുമാനം നേടാമെന്നതാണു നേട്ടം.

English Summary:

Rupee Plunges to All-Time Low Against Dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com