‘പാലക്കാട് എത്തിയത് ആ ആവശ്യം പരിഗണിച്ച്; ഒന്നാമത്തെ ലക്ഷ്യം...’: തുറന്നു പറഞ്ഞ് മുരളീധരൻ

Mail This Article
ചേലക്കരയിലും പാലക്കാടും നിർബന്ധമായും പോകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതു കൊണ്ടാണ് പ്രചാരണത്തിന് എത്തിയതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തന്നെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അയച്ച കത്ത് നേരത്തെ തന്നെ വാട്സാപ്പിൽ കിട്ടിയിരുന്നു. പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്യാത്തവരുടെ കൈയ്യിൽനിന്നായിരിക്കും കത്ത് ചോർന്നത്. സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടോയെന്നു ചോദിക്കാമായിരുന്നു. നേതാക്കൾ ചോദിച്ചില്ലെന്നു കരുതി മുഖം വീർപ്പിച്ചു മാറിനിൽക്കുന്നതു ശരിയല്ല. തന്റെ തട്ടകം തിരുവനന്തപുരമായിരിക്കും. വട്ടിയൂർക്കാവുമായുള്ളത് കുടുംബ ബന്ധമാണെന്നും മുരളീധരൻ മനോരമ ഓൺലൈനോടു പറഞ്ഞു.
∙ ഒടുവിൽ പാലക്കാട് എത്തിയല്ലോ, എങ്ങനെയുണ്ട് പ്രചാരണം?
പാലക്കാട് തുടക്കം മുതൽ ഞങ്ങൾക്കു പൂർണ വിശ്വാസമാണ്. മണ്ഡല പുനർനിർണയത്തിനു ശേഷമുള്ള പാലക്കാട് യുഡിഎഫിനു നല്ല സാധ്യതയുള്ള നിയോജക മണ്ഡലമാണ്. ഞങ്ങളുടെ എ ഗ്രേഡ് മണ്ഡലമാണെന്നു പറയാം. ഇവിടെ നഗരസഭയിൽ മാത്രമാണ് ബിജെപിക്കു ഭൂരിപക്ഷമുള്ളത്. ബാക്കി മൂന്ന് പഞ്ചായത്തുകളിൽ കണ്ണാടിയിൽ മാത്രം എൽഡിഎഫിനു മുൻതൂക്കമുണ്ട്. മൊത്തത്തിൽ അവലോകനം ചെയ്യുമ്പോൾ യുഡിഎഫ് തന്നെയാണു മുന്നിൽ.
സ്ഥാനാർഥി നിർണയത്തെപ്പറ്റിയുള്ള തർക്കങ്ങൾ സ്വാഭാവികമായും ഉണ്ടാകും. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു പകരം ചാണ്ടി ഉമ്മൻ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. തൃക്കാക്കരയിൽ പി.ടി.തോമസിനു പകരം ഉമാ തോമസെന്ന കാര്യത്തിലും തർക്കമില്ലായിരുന്നു. ഇവിടെ ഫ്രഷ് ആയിട്ടൊരു സ്ഥാനാർഥി വന്നപ്പോഴാണു തർക്കമുണ്ടായത്, അതു സ്വാഭാവികമാണ്. പക്ഷേ, ആ തർക്കമൊക്കെ പരിഹരിച്ചു പാർട്ടി ഇന്നു നന്നായി മുന്നോട്ടുപോകുന്നുണ്ട്. എൽഡിഎഫിലും ബിജെപിയിലും വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമാണ്. സന്ദീപ് വാര്യർ വിഷയം അടക്കമുള്ളവ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായിരുന്ന ശക്തി, മണ്ഡലത്തിൽ ചോർത്തിയിട്ടുണ്ട്.
∙ പാലക്കാട് ഷാഫിക്കെതിരെ പാർട്ടിക്കുള്ളിലൊരു പടയൊരുക്കമില്ലേ?
അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. എല്ലാവരും ഇന്ന് ഒരുമിച്ചാണു പ്രവർത്തിക്കുന്നത്. പരാതിയുള്ളവർ പാർട്ടിക്കു പുറത്തുപോയി എന്നതു ശരിയാണ്. പക്ഷേ, അതു തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ല. പാർട്ടി ചിഹ്നത്തിൽ സ്ഥിരമായി സിപിഎം മത്സരിക്കുന്ന മണ്ഡലത്തിൽ ഒരു സ്വതന്ത്ര സ്ഥാനാർഥി വരുമ്പോൾ അത് ഉൾക്കൊള്ളാൻ പല പാർട്ടി കേഡർമാർക്കും കഴിഞ്ഞിട്ടില്ല. കോൺഗ്രസിലുള്ള തർക്കങ്ങളൊന്നും തിരഞ്ഞെടുപ്പിൽ ബാധിക്കില്ല എന്നു ഞങ്ങൾ പറയാൻ കാരണം അതിന്റെ ഇരട്ടി തർക്കങ്ങൾ ബിജെപിയിലും സിപിഎമ്മിലും ഉള്ളതുകൊണ്ടാണ്.
∙ തിരഞ്ഞെടുപ്പിനു ശേഷം സരിന്റെ ഭാവി എന്തായിരിക്കും?
സരിനെ സിപിഎം കൈവിടും എന്ന കാര്യത്തിൽ സംശയമില്ല. സരിൻ കുറച്ചുകൂടി കാത്തിരുന്നെങ്കിൽ ഒന്നരക്കൊല്ലം കഴിഞ്ഞ് അദ്ദേഹത്തിനു വീണ്ടും ഒറ്റപ്പാലത്തു മത്സരിക്കാമായിരുന്നു. അദ്ദേഹം അവിടെ ജയിക്കുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവിടെ ശ്രീകണ്ഠനാണ് ഭൂരിപക്ഷം കിട്ടിയത്. സരിൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ മുഖ്യകാരണം ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിലേക്കു പോയതാണ്. ആ വോട്ടുകളൊക്കെ ഇന്നു തിരിച്ചു വരികയാണ്. അദ്ദേഹം കോൺഗ്രസിൽ തന്നെ നിന്നിരുന്നെങ്കിൽ എംഎൽഎ ആകാൻ കഴിയുമായിരുന്നു. ഇപ്പോൾ രാഷ്ട്രീയ ഭാവി ഇല്ലാതായി.
∙ പാലക്കാട് താങ്കൾ പ്രചാരണത്തിന് എത്താനുള്ള തീരുമാനത്തിനു പിന്നിൽ എന്തായിരുന്നു കാരണം?
അത് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ആവശ്യപ്പെട്ടതു കൊണ്ടാണ്. വയനാട് പ്രചാരണത്തിനു പോകുമെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ, ചേലക്കരയിലും പാലക്കാടും നിർബന്ധമായും പോകണമെന്നു നേതൃത്വങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവിടെ ചോദ്യമില്ല. അതുകൊണ്ടാണ് ഇവിടേക്കെത്തിയത്.
∙ നേതൃത്വം പറഞ്ഞത് അനുസരിച്ചെങ്കിലും പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസമൊക്കെ മാറിയോ?
അത് ഇവിടെ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പാർട്ടി ഇപ്പോൾ പോർമുഖത്ത് നിൽക്കുകയാണ്. അപ്പോൾ വ്യക്തിപരമായ വിഷയങ്ങളിൽ ചർച്ച വേണ്ട.
∙ താങ്കളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അയച്ച കത്ത് പുറത്തുവന്നപ്പോൾ മാനസിക വിഷമമുണ്ടായോ?
കത്ത് അയച്ച തീയതി 15 ആണ്. 16ന് പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചശേഷം കത്തിൽ ഒപ്പിട്ടവർ തന്നെ രാഹുലിനു വേണ്ടി സജീവമായി രംഗത്തുണ്ടല്ലോ.
∙ കത്ത് താങ്കൾക്ക് കിട്ടിയിരുന്നോ, അത് എങ്ങനെയാണ് ചോർന്നത്?
കത്ത് നേരത്തെ തന്നെ വാട്സാപ്പിൽ കിട്ടിയിരുന്നു. പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്യാത്തവരുടെ കയ്യിൽ നിന്നായിരിക്കും കത്ത് ചോർന്നത്.
∙ സ്ഥാനാർഥി നിർണയത്തിൽ നേതാക്കൾ കൂടിയാലോചന നടത്തിയില്ല എന്ന പരിഭവം ഇപ്പോഴുമുണ്ടോ?
സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടോയെന്നു ചോദിക്കാമായിരുന്നു. ഇവിടെ ഇപ്പോൾ മത്സരിച്ചാൽ ഒന്നരക്കൊല്ലം കഴിഞ്ഞു വീണ്ടും മത്സരിക്കണം. അങ്ങനെയൊരു മത്സരം ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ പേരു വന്ന സ്ഥിതിക്ക് എന്നോടു സംസാരിക്കാമായിരുന്നു. ഒന്നര കൊല്ലം കൊണ്ടു രണ്ട് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും എനിക്കില്ല. നേതാക്കൾ ചോദിച്ചില്ലെന്നു കരുതി മുഖം വീർപ്പിച്ചു മാറി നിൽക്കുന്നതു ശരിയല്ല എന്നതുകൊണ്ടാണ് പ്രചാരണത്തിനു വന്നത്.
∙ കത്തിൽ ചർച്ചകൾ അവസാനിപ്പിക്കുകയാണോ?
വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ആ കത്ത് സംബന്ധിച്ചു ചർച്ച നടത്താം. ഇപ്പോള്‍ സ്ഥാനാർഥിയെ ജയിപ്പിക്കുന്നതിനാണു പ്രഥമ പരിഗണന. മുരളീധരന്‍റെ മനസ് വേദനിപ്പിച്ചു എന്ന ചർച്ച ഇപ്പോൾ വേണ്ട, യുഡിഎഫ് ജയിക്കണം. പ്രശ്നങ്ങൾ പരിഹരിച്ചു ശക്തമായ പ്രചാരണമാണ് പാലക്കാട് യുഡിഎഫ് നടത്തുന്നത്.
∙ ട്രോളി ബാഗ് വിവാദം എത്തരത്തിൽ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണു കരുതുന്നത്?
അതൊന്നും ഒട്ടും ബാധിക്കില്ല. സത്യത്തിൽ എട്ടര വർഷത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താതിരിക്കാൻ സിപിഎം സൃഷ്ടിച്ച ഒരു നാടകമാണത്. അപ്പോൾ തന്നെ അതു പൊളിഞ്ഞുപോയി. ഈ വിവാദത്തോടെ കൊടകര കള്ളപ്പണം ചർച്ചയല്ലാതായ സാഹചര്യം ഉണ്ടായി.
∙ മുനമ്പവും പാലക്കാട് ചർച്ചയാകുന്നുണ്ട്?
മുനമ്പം വിഷയം ബിജെപിക്ക് ഉപയോഗപ്പെടുത്താൻ സിപിഎം അവസരം കൊടുക്കുകയാണ്. ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വീടുകൾ കയറി കത്തു നൽകുകയാണ് ബിജെപി. സമൂഹത്തെ വിഭജിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ തിരഞ്ഞെടുപ്പിൽ വിലപ്പോകില്ല.
∙ ‘പെട്ടി’ക്കുശേഷം പാലക്കാടും വയനാടും കർണാടകയുടെ സഹായത്തോടെ മദ്യം ഒഴുക്കുന്നുവെന്നാണു പുതിയ ആരോപണം. ഇന്നലെ പാലക്കാട്ടെ ഒരു കോൺഗ്രസുകാരന്റെ വീട്ടിൽനിന്ന് സ്പിരിറ്റ് പിടികൂടിയിരുന്നു?
മദ്യം പിടിച്ച വ്യക്തിക്ക് കോൺഗ്രസുമായി ബന്ധമില്ല. അദ്ദേഹത്തിന്റെ വല്യച്ഛൻ കോൺഗ്രസുകാരനായിരുന്നു. സ്പിരിറ്റ് ഒഴുക്കിയാൽ മനസ് മാറുന്നവരാണോ പാലക്കാട്ടുകാർ. ഈ പ്രചാരണം തന്നെ പാലക്കാട്ടുകാരെ പരിഹസിക്കുന്നതിനു തുല്യമാണ്.
∙ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമോ?
പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി തിരഞ്ഞെടുപ്പു ഫലം മാറും.
∙ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ താങ്കൾ നേതൃമാറ്റം ആവശ്യപ്പെടുമോ?
നെഗറ്റീവ് റിസൽറ്റ് പ്രതീക്ഷിക്കുന്നില്ല. ചേലക്കരയാണ് ഒരു സംശയം. പക്ഷേ, ചേലക്കരയിൽ യുഡിഎഫ് ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഈ ഉപതിരഞ്ഞെടുപ്പിലാണ്. ഇപ്പോൾ തന്നെ നാലു റൗണ്ട് ഞങ്ങളുടെ പ്രവർത്തകർ വീടു കയറിക്കഴിഞ്ഞു. ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ചേലക്കരയിൽ 100% സംതൃപ്തിയാണ്. വയനാട്ടിൽ പിന്നെ സംശയമേയില്ല.
∙ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കുറച്ചുനാൾ വിശ്രമമാണെന്നു പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. അത് തുടരുമോ?
തദ്ദേശ തിരഞ്ഞെടുപ്പിനു ഞാൻ എന്തായാലും സജീവമാകും. ഞങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകരുടെ തിരഞ്ഞെടുപ്പാണത്. പാലക്കാടിന്റെ ചുമതല എനിക്കുണ്ട്. ഇവിടെ ഒരു റൗണ്ട് പ്രവർത്തനം ഞാൻ പൂർത്തിയാക്കിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനം പാലക്കാട് ജില്ലയിൽ ആരംഭിക്കും.
∙ തട്ടകം അപ്പോൾ പാലക്കാടായിരിക്കുമോ, അതോ തിരുവനന്തപുരമോ?
തട്ടകം തിരുവനന്തപുരം തന്നെ. അതിൽ മാറ്റമില്ല.
∙ അപ്പോൾ വട്ടിയൂർക്കാവിൽ പ്രതീക്ഷിക്കാം?
എനിക്ക് വളരെ ബന്ധം വട്ടിയൂർക്കാവുമായുണ്ട്. അത് എന്റെ കുടുംബമാണ്. എംഎൽഎ ആണെങ്കിലും അല്ലെങ്കിലും ഞാൻ വട്ടിയൂർക്കാവിലുണ്ടാകും. പക്ഷേ, നിയമസഭയിലേക്കു മത്സരിക്കുന്നത് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല.
∙ ഇപ്പോൾ പാർട്ടി പറഞ്ഞപ്പോൾ പ്രചാരണത്തിനിറങ്ങി. അതുപോലെ പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കില്ലേ?
ഏതായാലും ഇപ്പോൾ അതിന്റെ ചർച്ചയിലേക്കു കടക്കേണ്ട ആവശ്യമില്ല. ഇപ്പോൾ ഒന്നാമത്തെ ലക്ഷ്യം മൂന്നു തിരഞ്ഞെടുപ്പിലും ജയിക്കുക എന്നതാണ്. രണ്ടാമത്തെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പിൽ 60 ശതമാനത്തിൽ കുറയാതെ വിജയം കൈവരിക്കുക എന്നതാണ്. നിയമസഭയിലേക്ക് ഇനിയും കുറച്ചു കാലമുണ്ടല്ലോ.