‘ലബനനിലെ പേജർ സ്ഫോടനം എന്റെ അനുമതിയോടെ’: ഒടുവിൽ സമ്മതിച്ച് നെതന്യാഹു
Mail This Article
ടെൽ അവീവ്∙ സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ല പ്രവർത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറിൽ നടത്തിയ പേജർ സ്ഫോടനത്തിൽ 40 പേർ മരിക്കുകയും മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പേജർ ആക്രമണത്തിന് താൻ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമർ ദോസ്ത്രി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. സെപ്റ്റംബർ 17.18 തീയതികളിൽ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു.
ലൊക്കേഷൻ ട്രാക്കിങ് ഒഴിവാക്കാനായി ഹിസ്ബുല്ല പ്രവർത്തകർ പേജറിനെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചിരുന്നത്. 2023 ഒക്ടോബർ മുതൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ടെന്നാണു വിവരം.