ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ഇടപെടലുമായി സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

‘‘ഒരു മതവും മലിനീകരണം സൃഷ്ടിക്കുന്ന നടപടികൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ നിലയ്ക്ക് പടക്കം പൊട്ടിക്കൽ തുടർന്നാൽ, ആരോഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള പൗരൻമാരുടെ മൗലിക അവകാശത്തെ അത് ബാധിക്കും.’’– ഡൽഹിയിലെ വായുമലിനീകരണ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. ദീപാവലിക്ക് മുമ്പ് പ്രഖ്യാപിക്കുന്ന പടക്ക നിരോധനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ കോടതി ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും കഴിഞ്ഞയാഴ്ച നോട്ടിസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ ഇന്ന് വാദം കേട്ടത്.

വിഷയത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഡൽഹി പൊലീസ് മേധാവി സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും, പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് കോടതി നിരീക്ഷിച്ചു. പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നത് പൊലീസ് ഗൗരവമായി എടുത്തിട്ടില്ലെന്നും കോടതി പറഞ്ഞു. പടക്കം പൊട്ടിക്കൽ നിരോധന സമയത്ത്, ഒരു പടക്ക നിർമാതാക്കളും പടക്കങ്ങൾ സംഭരിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി നിർദേശിച്ചു.

English Summary:

"No Religion Promotes Pollution": Supreme Court Slams Firecracker Use in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com