‘ഞാൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല, ചെയ്തത് അധികവും സഹ വേഷങ്ങൾ; യാഥാർഥ്യം വളച്ചൊടിച്ചു’
Mail This Article
ന്യൂഡൽഹി∙ ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ പരാമർശം. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെ കുറിച്ചുള്ള വിശദീകരണം നിലനിൽക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നു.
ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണെന്നും സിദ്ദിഖ് പറയുന്നു.
യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നു. തനിക്കെതിരെ ഇല്ലാ കഥകളാണ് മെനയുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് എതിർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.