‘ആത്മകഥ’ തിരുത്തിപ്പറഞ്ഞ് ഇ.പി: ‘ചോർന്നോയെന്ന് പരിശോധിക്കും; സരിൻ ഉത്തമ സ്ഥാനാർഥി’
Mail This Article
പാലക്കാട്∙ എൽഡിഎഫിന്റെ പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ പൊതുസമൂഹത്തോടു പ്രതിജ്ഞാബദ്ധനായ ചെറുപ്പക്കാരനാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സരിൻ ഉത്തമ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവച്ചുവെന്നും ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെക്കുറിച്ചു മോശം പരാമർശമുണ്ടെന്നു പുറത്തുവന്നതിനു പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇ.പി രംഗത്തെത്തിയത്. താനെഴുതിയ ആത്മകഥ വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം പാലക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
‘‘പി. സരിൻ പാലക്കാട്ടെ ജനങ്ങൾക്കു ലഭിച്ച ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി വരെ ഉപേക്ഷിച്ചു. പഠിക്കുന്ന കാലത്തേ മിടുക്കനായിരുന്നു. സിവിൽ സർവീസിൽ ഉയർന്ന തസ്തികയിൽ ഉയർന്ന ശമ്പളം വാങ്ങി. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും തൊഴിലാളികൾക്ക് ഒപ്പമായിരുന്നു. വിശ്വസിച്ച രാഷ്ട്രീയത്തിൽ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല. പാലക്കാടിന്റെ വികസനമുരടിപ്പ് മാറ്റാൻ സരിനു കഴിയും. സരിന്റെ വിജയമാണ് ഇവിടുത്തെ ചെറുപ്പക്കാരും സ്ത്രീകളും ആഗ്രഹിക്കുന്നത്. വയ്യാവേലിയല്ല. സരിൻ നല്ല സ്വതന്ത്രൻ’’ – സരിനെ പുകഴ്ത്തി ഇ.പി. ജയരാജൻ വ്യക്തമാക്കി.
ആത്മകഥ വൈകാതെ പുറത്തിറങ്ങുമെന്ന് ജയരാജൻ ആവർത്തിക്കുകയും ചെയ്തു. ‘‘ഞാൻ ഇപ്പോഴും ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാൻ എഴുതിയ ആത്മകഥ അധികം വൈകാതെ പുറത്തിറക്കും. എഴുതിക്കഴിഞ്ഞ ഭാഗം വാചകശുദ്ധി വരുത്താൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. എന്റെ ആത്മകഥയെന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാൻ ഡി.സിക്ക് എന്ത് അവകാശം? പ്രസിദ്ധീകരിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ല. തിരുത്താൻ ഏൽപ്പിച്ച ആളോടു മോഷണമോ മറ്റോ പോയോ എന്നു നോക്കാൻ പറഞ്ഞിട്ടുണ്ട്. ആത്മകഥ ചോർന്നോയെന്നു പരിശോധിക്കും. ഞാൻ എഴുതിയതല്ല പുറത്തുവന്നത്. തിരഞ്ഞെടുപ്പു ദിവസം പുറത്തുവന്നത് ആസൂത്രിതം. നിയമനടപടി സ്വീകരിക്കും. ശക്തമായ അന്വേഷണം വേണം. യഥാർഥ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കും. ആത്മകഥ എഴുതി പൂർത്തിയായിട്ടില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു.