സുരേന്ദ്രന്റെ ‘വോട്ട്’ നവ്യയ്ക്ക് ലഭിച്ചില്ല; വയനാട്ടിൽ ബിജെപി തന്ത്രം പാളിയതെങ്ങനെ? മോദി വന്നിട്ടും രക്ഷയില്ല!
| Wayanad Loksabha Bypoll Election News - 2024
Mail This Article
പ്രിയങ്കയെ പ്രതിരോധിക്കാൻ വനിതാ സ്ഥാനാർഥിയെ നിയോഗിച്ചിട്ടും ബിജെപിക്ക് വോട്ടു ചോർച്ച. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ മുന്നേറ്റം പ്രിയങ്ക ഗാന്ധിക്കെതിരെ നടത്താനും കഴിഞ്ഞില്ല. പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിച്ചപ്പോൾ 1,41,045 വോട്ടുകളാണ് നേടിയത്. എന്നാൽ പ്രിയങ്കയ്ക്കെതിരെ മത്സരിച്ച നവ്യയ്ക്ക് 109,939 വോട്ടുകളാണ് ലഭിച്ചത്. 31,106 വോട്ടിന്റെ കുറവുണ്ടായി. പ്രിയങ്കയ്ക്കെതിരെ വനിതാ സ്ഥാനാർഥിയെ നിർത്തി വോട്ട് സമാഹരിക്കാമെന്ന് ബിജെപി കരുതിയതെങ്കിലും ലക്ഷ്യം കാണാനായില്ല. രാഹുൽ ഗാന്ധിക്കെതിരെ സംസ്ഥാന പ്രസിഡന്റിന്റെ നിയോഗിച്ച ബിജെപി ഇക്കുറി പുതുമുഖമായ നവ്യ ഹരിദാസിനെ നിയോഗിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അദ്ഭുതപ്പെടുത്തിയിരുന്നു.
കോൺഗ്രസ് കുടുംബാധിപത്യം പുലർത്തനാണ് വയനാട്ടിൽ ശ്രമിക്കുന്നതെന്നും മണ്ഡലത്തിൽ പ്രവർത്തിക്കുന്ന എംപിയെയാണു ജനങ്ങൾക്ക് ആവശ്യമെന്നുമായിരുന്നു എൻഡിഎ പ്രചാരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി താരതമ്യം ചെയ്യുമ്പോൾ നവ്യ ഹരിദാസ് വയനാട്ടുകാർക്ക് അത്ര പരിചിതയല്ല. പുതുമുഖമായ നവ്യയെ നിർത്തിയതിലൂടെ പ്രിയങ്ക ഗാന്ധിയുമായി തുറന്ന പോരിൽനിന്ന് ബിജെപി പിൻവാങ്ങിയെന്ന പ്രതീതി ഉടലെടുത്തു. ഏപ്രിലിൽ സുരേന്ദ്രനു വേണ്ടി നടത്തിയ രീതിയിലുള്ള വമ്പൻ പ്രചാരണങ്ങൾ നടത്താനും ബിജെപി തയാറായില്ല. ഇതെല്ലാം എൻഡിഎയുടെ വോട്ടുവിഹിതം കുറയാൻ കാരണമായെന്നാണു വിലയിരുത്തൽ. പ്രചാരണത്തിൽ പോരായ്മകള്‍ ഉണ്ടായിട്ടും പോളിങ് കുറഞ്ഞിട്ടും മികച്ച പ്രകടനം നടത്തിയെന്നു നവ്യയ്ക്ക് ആശ്വസിക്കാം.
അതേസമയം, വയനാട് ദുരന്തത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ സന്ദർശനം നടത്തിയിരുന്നു. അതു തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് ആയിരുന്നില്ല. എന്നാൽ രാഹുൽ ഗാന്ധി മണ്ഡലം ഒഴിഞ്ഞശേഷം എംപിയുടെ അഭാവം സംബന്ധിച്ചു ബിജെപി വിമർശനവും നടത്തിയിരുന്നു. നവ്യയുടെ പ്രചാരണത്തിന് മോദി വന്നിരുന്നില്ല. സുരേന്ദ്രനു വേണ്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വന്നിരുന്നു. നവ്യയ്ക്കു വേണ്ടി മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും മാത്രമാണ് പ്രചാരണം നടത്തിയത്. ഉരുൾപൊട്ടൽ കേന്ദ്ര സഹായം നൽകാത്തതു സംബന്ധിച്ചുള്ള വിവാദം പോളിങ്ങിനുശേഷമാണ് ഉയർന്നതും. അതു പ്രചാരണത്തെ ബാധിച്ചിട്ടില്ല. എന്നാൽ പ്രധാനമന്ത്രി വന്നിട്ടും ധനസഹായം ലഭിക്കാത്തതു ചർച്ചയിൽ വന്നിരുന്നു.
ബിജെപിയുടെ ശക്തികേന്ദ്രമായ ബത്തേരിയിലും എൻഡിഎയ്ക്ക് വോട്ടു ചോർച്ചയുണ്ടായി. കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ 35709 വോട്ട് നേടിയിരുന്നു. എന്നാൽ ഇത്തവണ ബത്തേരിയിൽ 26,762 വോട്ടായി കുറഞ്ഞു. മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലും എൻഡിഎയ്ക്കു ക്ഷീണം സംഭവിച്ചു. ഏപ്രിലിൽ നിലമ്പൂരിൽ 17,520 വോട്ട് ലഭിച്ചത് ഇത്തവണ 13,555 ആയി കുറഞ്ഞു. ഏറനാട് രണ്ടായിരത്തോളവും വണ്ടൂരിൽ മൂവായിരത്തോളം വോട്ടുകളും കുറഞ്ഞു. കഴിഞ്ഞ തവണ എൻഡിഎ 13 ശതമാനം വോട്ടുകൾ നേടിയത് ഇക്കുറി 11.54 ശതമാനമായി കുറഞ്ഞു. എന്നാൽ ഇത്തവണ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായെന്നാണ് എൻഡിഎ അവകാശപ്പെടുന്നത്. കെ.സുരേന്ദ്രനുശേഷം ഒരു ലക്ഷത്തിൽ കൂടുതൽ വോട്ടു നേടുന്ന സ്ഥാനാർഥിയായി നവ്യ ഹരിദാസ് മാറി. 2009ൽ 31,687 വോട്ടുകൾ മാത്രം ലഭിച്ചിടത്തുനിന്നു തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപരം വോട്ടു ലഭിച്ചത് മികച്ച േനട്ടമായാണ് ബിജെപി പ്രവർത്തകർ കരുതുന്നത്.