ആൻഡമാൻ കടലിൽ 5.5 ടൺ ലഹരിമരുന്ന് പിടികൂടി; ഒളിപ്പിച്ചിരുന്നത് ബോട്ടിലെ രഹസ്യഅറയിൽ; 6 പേർ പിടിയിൽ

Mail This Article
ന്യൂഡൽഹി∙ ആൻഡമാൻ കടലിൽ കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിൽ വൻ തോതിൽ ലഹരിമരുന്ന് പിടികൂടി. 5.5 ടൺ (5,500 കിലോഗ്രാം) ലഹരിമരുന്നാണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തുകയായിരുന്ന മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ബോട്ടിൽ മ്യാൻമാറിന്റെ പതാകയുണ്ടായിരുന്നു. ബോട്ടിന്റെ ഡക്കിന് താഴെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ശേഖരം. മൂവായിരത്തിലേറെ പായ്ക്കറ്റുകളിലായാണ് ഇതു സൂക്ഷിച്ചിരുന്നത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ സമുദ്ര നിരീക്ഷണ വിമാനമാണ് സംശയാസ്പദമായ രീതിയിൽ സഞ്ചരിച്ചിരുന്ന ബോട്ടിനെ കണ്ടെത്തിയത്. തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പലായ ഐസിജിഎസ് അരുണ അസഫ് അലിയിലേക്ക് വിവരം കൈമാറി. വൈകാതെ കപ്പൽ പിന്തുടർന്നെത്തി ബോട്ടിനെ തടയുകയായിരുന്നു. ബാരൻ ദ്വീപിന് സമീപമായിരുന്നു ലഹരിവേട്ട. ബോട്ടിൽ നിന്ന് 6 മ്യാൻമാർ പൗരൻമാരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്ന് രാജ്യാന്തര വിപണിയിൽ കോടികൾ വിലവരുന്നതാണ്.