ADVERTISEMENT

കൊച്ചി ∙ കേരളം കണ്ട ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയിലെ പ്രതികൾക്ക് 11 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് മണ്ണാർക്കാട് കരിമ്പ വില്ലേജ് കൈപ്പുള്ളി വീട്ടിൽ അലവിയുടെ മകൻ ഫൈസൽ, കരിമ്പ വില്ലേജ് തട്ടായിൽ വീട്ടിൽ അലവിയുടെ മകൻ അബ്ദുൾ സലാം എന്നിവർക്കാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി വി.പിഎം.സുരേഷ് ബാബു ശിക്ഷ വിധിച്ചത്.  2018 ഫെബ്രുവരിയിൽ നെടുമ്പാശേരി വിമാനത്താവളത്തിന്റെ സമീപത്തു വച്ചാണ് കാറിൽ കൊണ്ടുവന്ന രാസലഹരിയായ 5.100 കിലോഗ്രാം എംഡിഎംഎ എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടുന്നത്. തുണികൾ നിറച്ച ട്രോളി ബാഗിൽ പ്രത്യേക അറകൾ നിറച്ച് സ്കാനിങ്ങിൽ പിടിക്കപ്പെടാതിരിക്കാൻ കാർബൺ പേപ്പർ കൊണ്ട് പൊതിഞ്ഞായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 

2018ൽ രാജ്യാന്തര വിപണിയിൽ 30 കോടി രൂപയിലധികം വിലമതിക്കുന്നതായിരുന്നു പിടിച്ചെടുത്ത ലഹരിമരുന്ന്. റഷ്യയില്‍ നിര്‍മിച്ച ലഹരിമരുന്ന് അഫ്ഗാന്‍ വഴി കശ്മീരിലെത്തിച്ച്, അവിടെ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നത് എന്നായിരുന്നു പുറത്തു വന്ന വിവരം. പാലക്കാട് വച്ച് കൈമാറിയ എംഡിഎംഎ നെടുമ്പാശേരിയിൽ കാത്തു നിൽക്കുന്നവർക്ക് കൈമാറുക എന്നതായിരുന്നു ഫൈസലിന്റെയും അബ്ദുൾ സലാമിന്റെയും ജോലി. നെടുമ്പാശേരിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു ഉദ്ദേശം. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഭായി’ എന്ന മലയാളിയായിരുന്നു ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് എന്നുമുള്ള സൂചനകളും പുറത്തു വന്നിരുന്നു. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്വേഷണ കാലയളവിൽ ഭീഷണി ഫോൺ വിളികൾ വന്നതും വാർത്തയായിരുന്നു. 

ഏറെക്കാലം നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലായിരുന്നു പ്രത്യേക സംഘം 2018ൽ ഇരുവരേയും പിടികൂടുന്നത്. കൊച്ചി വഴി ലഹരി അതിർത്തി കടക്കുന്നു എന്ന വിവരം അറിയുന്നുണ്ടെങ്കിലും എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് കുവൈറ്റിൽ പിടിയിലായ വൈപ്പിൻ സ്വദേശി ക്ലെമന്റിൽ നിന്നാണ് കുവൈത്തിൽ ഉണ്ടായിരുന്ന ഫൈസലിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. പിന്നീട് ഫൈസലിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു. ലഹരി മരുന്ന് കടത്തിൽ ഭീകരബന്ധം സംശയിച്ചതിനാൽ ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളുടേയും ശ്രദ്ധ ഈ കേസിൽ ഉണ്ടായിരുന്നു.

English Summary:

Record Sentence in Kerala's Biggest Drug Bust: In a landmark verdict, two individuals have been sentenced to 11 years imprisonment and fined ₹1.5 lakhs each for their involvement in the largest drug bust in Kerala's history.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com