ശബരിമല: വരുമാനത്തിൽ വൻ വർധന; 12 ദിവസം കൊണ്ട് ലഭിച്ചത് 63 കോടിയിലധികം രൂപ
| Sabarimala Live News Updates
Mail This Article
ശബരിമല∙ ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാൽപത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു. എന്നാൽ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപയാണ് ലഭിച്ചിരിക്കുന്നത്. 15,89,12,575 (പതിനഞ്ച് കോടി എൺപത്തി ഒൻപത് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തി അഞ്ച് ) രൂപയുടെ അധിക വരുമാനം ലഭിച്ചെന്നാണ് ശബരിമല തീർഥാടന അവലോകന യോഗത്തിനു ശേഷം പ്രശാന്ത് പറഞ്ഞത്.
സന്നിധാനത്ത് ദർശനത്തിനായി തീർഥാടകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിക്കു താഴെ വരെയുണ്ട്. തീർഥാടകർ മണിക്കൂറുകൾ കാത്തു നിന്നാണ് പതിനെട്ടാംപടി കയറുന്നത്. പുലർച്ചെ മണിക്കൂറിൽ 4655 പേർ പമ്പയിൽനിന്നു സന്നിധാനത്തേക്കു മലകയറുന്നുണ്ട്. പമ്പ മണപ്പുറത്തും തീർഥാടകരുടെ തിരക്കാണ്. വെർച്വൽ ക്യൂ ബുക്കു ചെയ്യാൻ കഴിയാതെ വരുന്നവർ പമ്പ, എരുമേലി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും സ്പോട് ബുക്കിങ് നടത്തുന്നത്.
തീർഥാടനത്തോട് അനുബന്ധിച്ച് വെജിറ്റേറിയൻ ഭക്ഷണത്തിന്റെയും ബേക്കറി ഉൽപന്നങ്ങളുടെയും ജ്യൂസുകളുടെയും വില നിശ്ചയിച്ചു. പത്തനംതിട്ട ജില്ലാ കലക്ടറാണ് വില നിശ്ചയിച്ചത്. ഇന്നലെ അത്താഴ പൂജ കഴിഞ്ഞു നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് യു ടേൺ വരെ ഉണ്ടായിരുന്നു. ആദ്യമായാണ് നട അടച്ചപ്പോൾ ഇത്രയും തിരക്കുണ്ടായത്. ഇന്നലെ രാവിലെ തിരക്ക് കുറവായിരുന്നു. എന്നാൽ ഉച്ചയ്ക്കു ശേഷം സ്ഥിതി മാറുകയായിരുന്നു.