രതിചിത്ര വിപണന കേസ്: രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും ഉൾപ്പെടെ 15 ഇടത്ത് ഇ.ഡി റെയ്ഡ്
Mail This Article
മുംബൈ∙ വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അശ്ലീല ഉള്ളടക്കം വിതരണം ചെയ്യുകയും നിർമിക്കുകയും ചെയ്തെന്ന കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കുന്ദ്രയുടെ ജുഹുവിലുള്ള വീട് ഉൾപ്പെടെ 15 ഇടങ്ങളിലായിരുന്നു പരിശോധന.
2021 ജൂലൈയിൽ വെബ് സീരീസിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് അശ്ലീലചിത്രീകരണത്തിന് നിർബന്ധിച്ചതായി നാല് സ്ത്രീകൾ പരാതിപ്പെട്ടതിനെ തുടർന്ന് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 സെപ്റ്റംബറിലാണ് ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായി. മൊബൈൽ ആപ് വഴി രതിചിത്രവിപണനം, ഇന്ത്യയിൽ നിർമിച്ച ചിത്രങ്ങൾ വിദേശത്ത് വിറ്റഴിക്കൽ എന്നിവ വഴി വൻതോതിൽ പണം സമ്പാദിച്ചെന്നാണ് ആരോപണത്തെ തുടർന്ന് 2022ലും രാജ് കുന്ദ്രയ്ക്കെതിരെ ഇ.ഡി കേസെടുത്തിരുന്നു.
രഹസ്യവിവരത്തെത്തുടർന്നു 2021 ഫെബ്രുവരി ആദ്യം വടക്കൻ മുംബൈയിലെ മഡ് ഐലൻഡിൽ പൊലീസ് നടത്തിയ പരിശോധനയാണു കേസിൽ വഴിത്തിരിവായത്. ആദ്യഘട്ടത്തിൽ അശ്ലീല വിഡിയോ ചിത്രീകരണത്തിന് 5 പേരെ അറസ്റ്റ് ചെയ്തു. പിന്നീട്, ഗെഹന വസിഷ്ഠ് എന്ന നടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമേഷ് കാമത്ത് എന്നയാൾ പിടിയിലായതോടെയാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തിയത്.
രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ ഉമേഷ്, യുകെ ആസ്ഥാനമായ കെൻറിൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ ചുമതലയാണു വഹിച്ചിരുന്നത്. ഇയാളും രാജ് കുന്ദ്രയും ചേർന്നാണ് അശ്ലീല ബിസിനസ് നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. അഭിനയരംഗത്ത് ഉയർച്ച തേടിയെത്തിയ മൂന്നു യുവതികളാണ് ഈ സംഘത്തിനെതിരെ പൊലീസിനു മൊഴി നൽകിയത്. അശ്ലീലചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നാണ് ആരോപണം.