പീഡനപരാതി ഒത്തുതീർപ്പാക്കാൻ മുറിയെടുത്തു, പിന്നാലെ അരുംകൊല; മീശയെടുത്തും വസ്ത്രം മാറ്റിയും സനൂഫിന്റെ സഞ്ചാരം
Mail This Article
കോഴിക്കോട്∙ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോഴിക്കോട്ട് എത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ സുഹൃത്തായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫിനെ (28) ചെന്നൈയിൽനിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഫസീലയെ കൊലപ്പെടുത്തിയത് തനിക്കെതിരെ പീഡന പരാതി നൽകിയതിന്‍റെ വൈരാഗ്യം മൂലമാണെന്ന് സനൂഫ് സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഫസീല മുന്‍പ് നല്‍കിയ പീഡന പരാതി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാനാണ് ലോഡ്ജില്‍ മുറിയെടുത്തത്. സംസാരത്തിനിടെ വാക്കേറ്റം ഉണ്ടാവുകയും യുവതി ബഹളംവെച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സനൂഫ് മുന്‍പ് ബസ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. അങ്ങനെയാണ് യുവതിയുമായി പരിചയത്തിലായതെന്നും പൊലീസ് പറഞ്ഞു.
പൊലീസിനെ കബളിപ്പിക്കാൻ പ്രതി മീശയെടുത്തു കളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി പിടിയിലാവാതിരിക്കാൻ ഷർട്ടുകൾ ഇടയ്ക്കിടെ മാറ്റിയാണ് യാത്ര ചെയ്തിരുന്നത്. പാലക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി ട്രെയിൻ മാർഗം ബെംഗളൂരുവിൽ എത്തിയ സനൂഫ്, പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി അവിടെനിന്നു ചെന്നൈയിലേക്ക് മാറുകയായിരുന്നു.
വ്യാഴാഴ്ചയാണ് ആവടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തത്. നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കർണാടകയിൽ നിന്നെടുത്ത സിംകാർഡാണ് ഉപയോഗിച്ചത്. അതിൽനിന്ന് പ്രതി ഒരാളെ വിളിച്ചതോടെയാണ് നീക്കങ്ങൾ മനസ്സിലായത്. സൈബർസെൽ നൽകിയ വിവരത്തിന്റെ അടിസ്ഥനത്തിൽ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ പൊലീസ് സംഘം ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി സനൂഫ് പാലക്കാട്ടുനിന്നു ട്രെയിനിൽ ബെംഗളൂരുവിലേക്കു പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യം കിട്ടിയതു മുതൽ പൊലീസ് സനൂഫിനു പിന്നാലെയുണ്ട്. ഒളിവിൽ പോകാനും സിംകാർഡ് എടുക്കാനുമെല്ലാം ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഫസീലയും സനൂഫും ഒരുമിച്ചാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റാന്വേഷണ വിദഗ്ദ്ധരായ പൊലീസുകാരെ ഉൾപ്പെടുത്തി മൂന്നു സംഘങ്ങളായാണ് കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സൈബർ വിദഗ്ദ്ധരും സനൂഫിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു. സിറ്റി പൊലീസ് അസി. കമ്മിഷണർ ടി.കെ.അഷ്‌റഫിന്റെ കീഴിൽ നടക്കാവ് ഇൻസ്‌പെക്ടർ എൻ.പ്രജീഷാണ് അന്വേഷണം ഏകോപിപ്പിച്ചത്.