അരവിന്ദ് കേജ്‌രിവാളിനു നേരെ കയ്യേറ്റ ശ്രമം; കുപ്പിയിൽ നിറച്ച ദ്രാവകം ദേഹത്തേക്ക് ഒഴിച്ചു – വിഡിയോ
Mail This Article
ന്യൂഡല്‍ഹി∙ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനു നേരെ കയ്യേറ്റ ശ്രമം. ശനിയാഴ്ച വൈകിട്ട് ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് മേഖലയിൽ വച്ചാണ് കേജ്‌രിവാളിനെ ഒരു യുവാവ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം കേജ്‌രിവാളിന്റെ ദേഹത്തേക്ക് ഒഴിച്ചു. പദയാത്രയുടെ ഭാഗമായാണ് കേജ്‌രിവാൾ ഗ്രേറ്റർ കൈലാഷിൽ എത്തിയത്. സംഭവത്തിന്റെ വിഡിയോ വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ടു.
കേജ്‌രിവാളിന്റെ ദേഹത്തേക്ക് യുവാവ് ഒഴിച്ചത് എന്തു ദ്രാവകമെന്ന് വ്യക്തമല്ല. വടംകെട്ടി വേർതിരിച്ചിരുന്ന സുരക്ഷാവലയത്തിലായിരുന്നു അരവിന്ദ് കേജ്‌രിവാൾ. യുവാവിനെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അശോക് ജാ എന്ന യുവാവാണ് കസ്റ്റഡിയിൽ ഉള്ളത്. യുവാവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. അതേസമയം ഡൽഹിയിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തികൾ ഉടൻ അമർച്ച ചെയ്യണമെന്ന് അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. അശോക് ജാ ബിജെപി പ്രവർത്തകനാണെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു.