ADVERTISEMENT

കോഴിക്കോട്∙ ചേളന്നൂർ പോഴിക്കാവ് കുന്ന് ഇടിച്ച് രാത്രി പൊലീസ് സംരക്ഷണത്തോടെ മണ്ണെടുപ്പ് നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രാത്രി വൈകിയും പോഴിക്കാവ് കുന്നിന് സമീപം പുതിയേടത്ത് താഴം - ചിറക്കുഴി റോഡിൽ കാവൽ നിൽക്കുകയാണ്. ദേശീയപാതയ്ക്കെന്ന പേരിലാണ് ഇവിടെ നിന്നും മണ്ണെടുക്കുന്നത്. കുന്നിൻ്റെ ഒരു ഭാഗം പൂർണമായും ഇടിച്ചു നിരത്തിയിട്ടുണ്ട്. 

മണ്ണെടുപ്പിനെതിരെ കഴിഞ്ഞ 24ന് ജനകീയ കൺവൻഷൻ നടത്തി പോഴിക്കാവ്കുന്ന് സംരക്ഷിക്കുമെന്ന് നാട്ടുകാർ പ്രതിജ്ഞ എടുത്തിരുന്നു. ഇതേ തുടർന്ന് കുറച്ചു ദിവസങ്ങളായി മണ്ണെടുപ്പ് നിർത്തിവച്ചിരിക്കുകയാണ്‌. മണ്ണെടുപ്പ് തടഞ്ഞതിനെ തുടർന്ന് നാട്ടുകാരിൽ ചിലരെ മണ്ണെടുത്തവർ കഴിഞ്ഞ ദിവസം മർദിച്ചിരുന്നു. ഇതും നാട്ടുകാരെ പ്രകോപിതരാക്കി.

ഇന്നലെ രാവിലെ കാക്കൂർ എസ്ഐയാണ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും വാർഡ് മെംബറുമായ പി.സുരേഷ് കുമാറിനെ വിളിച്ചു പൊലീസ് സംരക്ഷണത്തോടെ മണ്ണെടുക്കുമെന്ന് അറിയിച്ചത്. മണ്ണെടുപ്പിന് അനുമതിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉത്തരവ് പൊലീസ് കണ്ടെന്ന മറുപടിയാണ് എസ്ഐ പറഞ്ഞതെന്ന് സുരേഷ് കുമാർ പറഞ്ഞു. രാത്രിയോടെ വൻ സന്നാഹത്തോടെ പൊലീസും മണ്ണു കൊണ്ടു പോകാനായി ലോറികളും എത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. തുടർന്ന് പൊലീസ് പുതിയേടത്ത് താഴം - ചിറക്കുഴി റോഡിൻ്റെ ഇരുഭാഗങ്ങളിലായി നിലയുറപ്പിച്ചു.

മണ്ണെടുത്ത് കൊണ്ടു പോകുന്ന സമയത്ത് പൊടിശ്വസിച്ച് സമീപത്തെ വീട്ടുകാരും യാത്രക്കാരും ബുദ്ധിമുട്ടിയിരുന്നു. സമീപത്തെ സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്.

English Summary:

Chelannur Residents Stand Strong: Kozhikode Pozhicavu Hill Excavation Halted Amidst Protest, raises Environmental Concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com