എംഎൽഎമാർ ‘ഔട്ട്’; സന്ദീപ് വാരിയർ ‘ഇൻ’ ! ബൂത്തുകൾ ഉറങ്ങുന്നു: അഴിച്ചുപണിക്ക് കെപിസിസി
Mail This Article
ആസന്നമായ കോൺഗ്രസ് പുനഃസംഘടനയിൽ, സംഘടനാ തലത്തിൽ വിപുലമായ അഴിച്ചു പണിക്കു സാധ്യത. എംഎൽഎമാരെ കെപിസിസി ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്തില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള അവസരമൊരുക്കാനാണിത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റികള്‍ നിർജീവമായിരുന്നുവെന്നാണ് കെപിസിസി വിലയിരുത്തൽ. പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവായ കൊടിക്കുന്നിൽ സുരേഷ് കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറും. സന്ദീപ് വാരിയർക്ക് കെപിസിസിയിൽ ഇടം കിട്ടിയേക്കും.
∙ എംഎൽഎമാർക്ക് ‘മണ്ഡല വ്രതം’
നാല് വൈസ് പ്രസിഡന്റുമാരിൽ രണ്ടു പേർ ആരോഗ്യ പ്രശ്നങ്ങൾ കാരണം സജീവമല്ല. വി. പ്രതാപചന്ദ്രന്റെ മരണത്തിനു ശേഷം പുതിയ ട്രഷററെയും പാർട്ടി നിയമിച്ചിട്ടില്ല. പി.ടി. തോമസ്, പ്രതാപവർമ തമ്പാൻ എന്നിവർ അന്തരിച്ചപ്പോഴുണ്ടായ ഒഴിവുകളിലേക്കും നിയമനം നടന്നിട്ടില്ല. സംസ്ഥാനത്തെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പ്രവർത്തന റിപ്പോർട്ട് എഐസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാളും പി.വി. മോഹനനും 6 മാസം മുൻപ് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാകും മാറ്റങ്ങൾ.
കെപിസിസി പുനഃസംഘടന ഡിസംബറിൽ പൂർത്തിയാക്കാനാണ് ധാരണ. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി സംസ്ഥാനത്തെ നേതാക്കളുമായി സംസാരിച്ച ശേഷമാകും അന്തിമ ഭാരവാഹിപ്പട്ടികയ്ക്കു രൂപം നൽകുക. ഭാരവാഹികളിൽ വലിയൊരു വിഭാഗത്തെ മാറ്റി യുവാക്കൾ, വനിതകൾ, പട്ടികജാതി–പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ കൊണ്ടുവരാനാണ് എഐസിസി നിർദേശം. പുനഃസംഘടന നടക്കുന്നതോടെ ജില്ലകളുടെയും വിവിധ പോഷക സംഘടനകളുടെയും ചുമതലയുള്ള ജനറൽ സെക്രട്ടറിമാരും മാറിയേക്കും.
∙ ബൂത്ത് ഉറങ്ങി, നേതാക്കൾ ഇറങ്ങി
നേതാക്കൾ ഒത്തൊരുമിച്ച് സംഘടനാ സംവിധാനം ചലിപ്പിച്ചതാണ് ഉപതിരഞ്ഞെടുപ്പിൽ ഗുണമായത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നിലവിലെ രീതിയിൽ മുന്നോട്ടുപോകാനാകില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് സിപിഎമ്മാണ്. പ്രാദേശിക സമരങ്ങൾ അടക്കം സംഘടിപ്പിക്കാൻ ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടണം. അടുത്തിടെ പുനഃസംഘടന നടന്നെങ്കിലും മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരിൽ പലരും പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം മിക്ക ജില്ലകളിലും ശക്തമാണ്. തിരുവനന്തപുരത്ത് ഉള്ളൂരിൽ പരാതിയെ തുടർന്ന് ബ്ലോക്ക് പ്രസിഡന്റിനെ കഴിഞ്ഞ ആഴ്ച മാറ്റിയിരുന്നു. ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന നിലയിലാകും പുനഃസംഘടന. ഡിസിസികളിലെ ജംബോ കമ്മിറ്റികളെ മാറ്റണമെന്ന റിപ്പോർട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിനു നേതൃത്വം മുതിർന്നേക്കില്ല.