ADVERTISEMENT

ചെന്നൈ∙ ഫെയ്ഞ്ചൽ ചുലഴിക്കാറ്റ് കരതൊട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്ധമാണ്. കനത്ത മഴയിൽ ചെന്നൈയിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. ചെന്നൈയിൽ റോഡ്, ട്രെയിൻ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാലു വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴിതിരിച്ചുവിട്ടു.

അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഏതു ഗുരുതര സാഹചര്യത്തെയും നേരിടാൻ‌ സർക്കാർ തയാറാണെന്നും സ്റ്റാലിൻ പറഞ്ഞു. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം.

ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരമ്പള്ളൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മയിലാടുതുറൈ, നാഗപട്ടണം, കാരയ്ക്കൽ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തെക്കൻ ആന്ധ്രാപ്രദേശിലും മഴ ശക്തമാകുകയാണ്. തെക്കൻ ആന്ധ്രയുടെ തീരമേഖലയിലും റായലസീമ മേഖലയിലുമാണ് മഴ ശക്തമാകുന്നത്. നെല്ലൂർ, കടപ്പ, അന്നമയ്യ, തിരുപ്പതി, ചിറ്റൂർ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തിരുപ്പതിയിൽ കനത്തമഴയാണ് പെയ്യുന്നത്.

English Summary:

Cyclone Fengal Live updates: Fengal to make landfall today between Karaikal and Mahabalipuram. Schools Shut, Flights Grounded as Cyclone Nears Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com