‘ഹിസ്ബുല്ലയെ ദുർബലമാക്കുമെന്ന് വാതുവച്ചവരോട് സഹതാപം; അവർ പരാജയപ്പെട്ടു’: മഹത്തായ വിജയമെന്ന് നയിം ഖാസിം
Mail This Article
ബെയ്റൂട്ട്∙ ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം. 2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിതെന്നും നയിം ഖാസിം പറഞ്ഞു. ‘‘ഹിസ്ബുല്ലയെ നശിപ്പിക്കുന്നതിൽ നിന്ന് ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. ഹിസ്ബുല്ലയെ ദുർബലപ്പെടുത്തുമെന്ന് വാതുവയ്പ്പ് നടത്തിയവരോട് ഞങ്ങൾക്ക് സഹതാപമുണ്ട്, കാരണം അവർ പരാജയപ്പെട്ടു’’ – നയിം ഖാസിം പറഞ്ഞു.
വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കകം തെക്കൻ ലബനൻ അതിർത്തിയിലെ 6 സ്ഥലങ്ങളിൽ ജനങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യം കഴിഞ്ഞദിവസം വെടിയുതിർത്തിരുന്നു. വീടുകളിലേക്കു മടങ്ങിയെത്തുന്ന ഗ്രാമീണർക്കൊപ്പം വാഹനങ്ങളിൽ ഹിസ്ബുല്ല സംഘവും എത്തിയെന്ന് ആരോപിച്ചായിരുന്നു വെടിയുതിർത്തത്. കർഫ്യൂ പുനഃസ്ഥാപിച്ച ഇസ്രയേൽ സൈന്യം, ജനങ്ങളോടു വീടുകളിലേക്ക് ഉടൻ തിരിച്ചെത്തരുതെന്നു മുന്നറിയിപ്പു നൽകി. മർകബ, വസാനി, കഫർചൗബ, ഖിയം, ടയ്ബി, മർജയൂൻ എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സ്ഥലങ്ങൾ ഇസ്രയേൽ–ലബനൻ അതിർത്തിയിൽ ബഫർസോണായ 2 കിലോമീറ്റർ പരിധിക്ക് അകത്താണ്. ഇവിടെ ഹിസ്ബുല്ലയുടെയോ ഇസ്രയേലിന്റെയോ സൈനിക സാന്നിധ്യം പാടില്ലെന്നാണു കരാർ. പകരം യുഎൻ സമാധാന സേനയും ലബനൻ സേനയും കാവൽ നിൽക്കണം.