ഐഎൻഎസ് വിക്രമാദിത്യയുടെ അറ്റകുറ്റപണി: കൊച്ചിൻ ഷിപ്പ്യാർഡുമായി 1207 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ പുനർനിർമാണത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം. ഐഎൻഎസ് വിക്രമാദിത്യയിൽ ഷോർട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിങ് എന്നിവ സജ്ജമാക്കുന്നതിനായാണ് 1207 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളുടെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ വ്യാവസായിക മേഖലയിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെ മികച്ച അറ്റകുറ്റപ്പണി ഹബ്ബായി (എംആർഒ) വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും പുതിയ പദ്ധതി.
ഏകദേശം 50 എംഎസ്എംഇകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഐഎൻഎസ് വിക്രമാദിത്യയുടെ അറ്റകുറ്റപണി പ്രവർത്തിയിലൂടെ 3500ഓളം പേർക്കാണ് തൊഴിലവസരമുണ്ടാകുക. 2013 നവംബറിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മിഷൻ ചെയ്ത വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. അറ്റകുറ്റപണി പൂർത്തിയാക്കുന്നതോടെ നവീകരിച്ച യുദ്ധ ശേഷി കപ്പൽ കൈവരിക്കും.