കണ്ണൂർ കലക്ടർ പരിശീലനത്തിന്; നവീൻ ബാബു കേസ് അന്വേഷണം നീളുമോ? തണുപ്പിക്കാൻ സർക്കാർ!
Mail This Article
തിരുവനന്തപുരം∙ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി നല്കി സര്‍ക്കാര്‍. ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശീലനം. പരിശീലനത്തിനു ശേഷം വീണ്ടും അദ്ദേഹം കലക്ടറായി ചുമതലയേല്‍ക്കും. വിവാദം തണുക്കുന്നതു വരെ അരുണ്‍ കെ.വിജയനെ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിശീലനത്തിനുള്ള അനുമതി എന്നും സൂചനയുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും അരുണിനെ കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.
‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോടു പറഞ്ഞിരുന്നതായി അരുണ്‍ കെ.വിജയന് അന്വേഷണ സംഘത്തിനു മൊഴി നല്കിയതു വിവാദമായിരുന്നു. ഇതിനെതിരെ നവീന്‍ ബാബുവിന്റെ കുടുബം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം വീണ്ടും കലക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പരിശീലനം കഴിഞ്ഞു തിരച്ചെത്തുമ്പോള് കണ്ണൂരില്‍നിന്ന് അരുണിനെ മറ്റേതെങ്കിലും ജില്ലയിലേക്കു മാറ്റാനും സാധ്യതയുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി കേന്ദ്ര പഴ്സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് അരുണ്‍ കെ.വിജയന് പങ്കെടുക്കുന്നത്. സംസ്ഥാനത്തുനിന്ന് ആറ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടറി തലത്തിലേക്കു പ്രൊമോഷൻ ലഭിക്കാന്‍ വേണ്ടുന്ന മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്. കലക്ടർ തിരികെയെത്തും വരെ എഡിഎമ്മിന് താല്‍ക്കാലിക ചുമതല നല്‍കും.