‘കെ.സി.വേണുഗോപാലിന്റേത് സൗഹൃദ സന്ദർശനം; എനിക്ക് അസംതൃപ്തിയില്ല, ഉള്ളവരോട് നേരിട്ട് ചോദിക്കണം’
Mail This Article
ആലപ്പുഴ∙ സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴ പറവൂരിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സൗഹാർദപരം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും ഇരു നേതാക്കളും പ്രതികരിച്ചു. അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽനിന്ന് ജി.സുധാകരനെ മാറ്റി നിർത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതു ശ്രദ്ധേയമാണ്.
‘‘എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ വിവരങ്ങൾ തിരക്കിയാണ് വേണുഗോപാൽ വന്നത്. ഇപ്പോൾ കണ്ടു. തികച്ചും സൗഹാർദപരമാണ് സന്ദർശനം. രാഷ്ട്രീയ ഭേദമൊന്നും സന്ദർശനത്തിന് ഇല്ല. ഞങ്ങൾ ഒരുമിച്ച് അസംബ്ലിയിൽ ഉണ്ടായിരുന്നു. സജീവ രാഷ്ട്രീയത്തിൽനിന്നു മാറിനിന്നത് മാനദണ്ഡങ്ങൾ പ്രകാരമാണ്. ആ മാനദണ്ഡം ഞാനും അംഗീകരിച്ചതാണ്.
കെ.സുരേന്ദ്രൻ പറഞ്ഞതിന് ഞാൻ എന്തിന് സമാധാനം പറയണം. അസംതൃപ്തിയൊന്നും എനിക്കില്ല. അസംതൃപ്തിയുള്ളവരോട് നേരിട്ട് ചോദിക്കണം. അസ്വസ്ഥത ഉണ്ടാകാനുള്ള എന്ത് കാരണമാണ് ഇപ്പോൾ ഉള്ളത്. സിപിഎമ്മിന് അകത്ത് അസ്വസ്ഥതയൊന്നും ഇല്ല. ഞാൻ പ്രധാനപ്പെട്ട ആളാണെന്നാണ് എതിരാളികൾ കരുതുന്നു. അതാണ് രാഷ്ട്രീയം. പാർട്ടിയില്ലാത്തവരും പാർട്ടി വിട്ട് പോകുന്നവരും എന്നെ പറ്റി പറയുന്നു. അത് അവർക്ക് എന്നെ അവഗണിക്കാൻ സാധിക്കാത്തതുകൊണ്ടാണ്.’’ – ജി.സുധാകരൻ വ്യക്തമാക്കി.
ജി.സുധാകരനുമായുള്ള കൂടിക്കാഴ്ച തികച്ചും സൗഹാർദപരമാണെന്ന് കെ.സി.വേണുഗോപാലും പ്രതികരിച്ചു. ‘‘ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ക്യാംപെയ്‌നൊന്നും ചർച്ചയായില്ല. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഒരു രാഷ്ട്രീയ ചർച്ചയും താൻ ജി.സുധാകരനുമായി നടത്തിയിട്ടില്ല. സുധാകരന് അതൃപ്തിയുണ്ടെങ്കിൽ സുധാകരനാണ് അത് പറയേണ്ടത്.’’ – കെ.സി.വേണുഗോപാൽ പറഞ്ഞു.
നേരത്തേ, ജി. സുധാകരനെ ആലപ്പുഴ ജില്ലയിലെ ചന്ദ്രിക പത്രത്തിന്റെ ക്യാംപെയ്‌ന്റെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നു. എന്നാൽ രാവിലെ വന്ന ലീഗ് നേതാക്കളോട് താൻ ക്യാംപെയ്‌ൻ ഉദ്ഘാടനം ചെയ്യാനില്ലെന്ന് ജി.സുധാകരൻ അറിയിക്കുകയായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലെന്ന കാരണത്താലാണ് ക്യാംപെയ്‌നിൽനിന്ന് ജി.സുധാകരൻ വിട്ട് നിന്നതെന്നാണ് സൂചന. ‘‘അവർ ക്യാംപെയ്‌ൻ നടത്തിക്കോട്ടെ’’ എന്നായിരുന്നു വിഷയത്തിൽ ജി.സുധാകന്റെ പ്രതികരണം.