ADVERTISEMENT

കണ്ണൂർ∙ സമരത്തിനു വേണ്ടി റോഡിൽ കെട്ടുന്ന പന്തലിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി തൊഴിലാളിക്ക് പരുക്കേറ്റു. വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എൽഡിഎഫ് നാളെ (വ്യാഴം) കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി കെട്ടുന്ന സമരപ്പന്തലിലേക്കാണ് ബസ് പാഞ്ഞു കയറിയത്.

ഉയരമുള്ള സ്റ്റാൻഡിൽനിന്ന് പന്തൽ കെട്ടുകയായിരുന്ന അസം സ്വദേശി ഹസ്സൻ റോഡിൽ വീണു. കഴുത്തിനും കാൽമുട്ടിനും പരുക്കേറ്റ ഇദ്ദേഹത്തെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽനിന്ന് വന്ന ബസാണ്, ഷീറ്റ് ഇടാൻ  വേണ്ടി റോഡിന് കുറുകെ ഉയരത്തിൽ കെട്ടുകയായിരുന്ന ഇരുമ്പ് പൈപ്പിൽ ഇടിച്ചത്. പെപ്പിൽ  കൊളുത്തി നിന്ന ബസ് പിന്നോട്ടോ മുന്നോട്ടോ എടുക്കാൻ സാധിച്ചില്ല. ഒരു മണിക്കൂറിന് ശേഷമാണ് പൈപ്പുകൾ അഴിച്ചു മാറ്റി ബസ് പുറത്തേക്കെത്തിച്ചത്. 

പന്തൽ കെട്ടുന്നതിന്റെ ഭാഗമായി റോഡ് ബ്ലോക്ക് ചെയ്യുകയോ മുന്നറിയിപ്പ് ബോർഡ് വയ്ക്കുകയോ ചെയ്തിരുന്നില്ല. പന്തൽ നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കോർപറേഷനും മൈക്ക് പെർമിഷൻ മാത്രമേ നൽകിയിട്ടുള്ളൂ എന്ന് പൊലീസും വ്യക്തമാക്കി. നിലവിൽ പന്തലിന് വേണ്ടി കെട്ടിയ ഇരുമ്പ് പൈപ്പുകൾ അഴിച്ച് മാറ്റിയിട്ടുണ്ട്.

English Summary:

KSRTC bus accident: A KSRTC bus in Kannur crashed into a protest pandal being erected for an LDF protest against the central government, injuring a worker. The incident raises questions about safety and permissions during pandal constructions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com