ആവശ്യം അംഗീകരിച്ചു; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം
Mail This Article
പത്തനംതിട്ട ∙ കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച കെ.നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയുടെ സ്ഥലംമാറ്റ അപേക്ഷ അംഗീകരിച്ച് സർക്കാർ. നിലവിൽ കോന്നി തഹസിൽദാരായ മഞ്ജുഷയെ പത്തനംതിട്ട കലക്ടറേറ്റിലേക്കു സ്ഥലംമാറ്റിയാണ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ്. നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നൽകിയത്. കൂടുതൽ സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യർഥന. ഇതാണ് സർക്കാർ അംഗീകരിച്ചത്. പത്തനംതിട്ട കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടന്റ് പദവിയിലേക്കാണു മഞ്ജുഷയുടെ മാറ്റം.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മഞ്ജുഷ നൽകിയ ഹർജിയിൽ കലക്ടർ അരുൺ കെ.വിജയനോടും പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്തിനോടും വിശദീകരണം തേടി കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നോട്ടിസ് അയച്ചിട്ടുണ്ട്. കേസ് 10ന് വീണ്ടും പരിഗണിക്കും. ആത്മഹത്യപ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, മുഖ്യസാക്ഷിയായ കലക്ടർ, ടി.വി.പ്രശാന്ത് എന്നിവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും നഷ്ടപ്പെടാതെ സംരക്ഷിക്കാൻ നിർദേശം നൽകണമെന്നായിരുന്നു മഞ്ജുഷയുടെ ആവശ്യം. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വേണ്ട തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ നൽകിയ മറുപടി.