കാർ വാടകയ്ക്ക് കൊടുക്കാൻ ലൈസൻസില്ല, നടപടിയെടുക്കും; ഗൂഗിൾ പേയിൽ അയച്ചുതന്നത് കടം കൊടുത്ത പണമെന്ന് ഉടമ
Mail This Article
ആലപ്പുഴ∙ കളർകോട് അപകടത്തിൽ, വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമയ്‌ക്കെതിരെ ആർടിഒ നടപടിയെടുക്കും. വാഹനം വാടകയ്ക്കു കൊടുക്കാൻ കാറിന്റെ ഉടമയായ ഷാമിലിന് ലൈസൻസില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മറ്റൊരാൾ പറഞ്ഞതു കൊണ്ടാണു കുട്ടികൾക്കു കാർ നൽകിയതെന്നാണ് ഷാമിൽ പറയുന്നത്.
അതേസമയം, അപകടസമയത്തു കാർ ഓടിച്ചിരുന്ന ഗൗരീ ശങ്കർ വാടക തുകയായ 1000 രൂപ ഷാമിലിന് ഗൂഗിൾ പേ ചെയ്തിരുന്നതായി പൊലീസ് റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ടു കൂടി പരിഗണിച്ചാണ് ലൈസൻസില്ലാതെയാണ് കാർ വാടകയ്ക്കു നൽകിയതെന്ന നിഗമനത്തിലേക്കു മോട്ടർ വാഹന വകുപ്പ് എത്തിയിരിക്കുന്നത്. അപകടത്തിൽ പൂർണമായും തകർന്ന കാറിന്റെ റജിസ്ട്രേഷൻ റദ്ദാക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ നീക്കം.
എന്നാൽ കാർ വാടകയ്ക്ക് നൽകിയതല്ലെന്ന വാദത്തിൽ ഷാമിൽ ഉറച്ചു നിൽക്കുകയാണ്. ഭക്ഷണം കഴിക്കാനായി മുൻപ് കുട്ടികൾക്ക് പണം കടം നൽകിയിരുന്നു. ഈ തുകയാണ് കുട്ടികൾ ഗൂഗിൾ പേ വഴി മടക്കി നൽകിയതെന്നാണ് ഷാമിൽ പറയുന്നത്. താൻ വാടകയ്ക്കു വാഹനങ്ങൾ നൽകാറില്ലെന്നാണ് ഷാമിലിന്റെ വാദം.
ഡിസംബർ 2ന് ആലപ്പുഴ ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 മെഡിക്കൽ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 6 പേർക്കും പരുക്കേറ്റിരുന്നു.