പിഎം ശ്രീ ധാരണാപത്രം ഒപ്പിടാതെ കേരളം; 855 കോടി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
Mail This Article
തിരുവനന്തപുരം∙ ദേശീയ വിദ്യാഭ്യാസ നയത്തെ ചൊല്ലി സംസ്ഥാനസര്‍ക്കാരും കേന്ദ്രവും തമ്മില്‍ തുടരുന്ന തര്‍ക്കം മൂലം നഷ്ടമാകുന്നതു വിദ്യാഭ്യാസ മേഖലയില്‍ ലഭിക്കേണ്ട കോടികളുടെ കേന്ദ്രഫണ്ട്. സമഗ്ര ശിക്ഷാ സ്കീം (എസ്എസ്എസ്) പ്രകാരം 2024-25ല്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത് 855.90 കോടി രൂപയാണ്. എന്നാല്‍ പ്രൈം മിനിസ്റ്റര്‍ സ്കൂള്‍ ഓഫ് റൈസിങ് ഇന്ത്യ (പിഎംശ്രീ) പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കേരളം വിസമ്മതിക്കുന്നതു മൂലം ഫണ്ട് നല്കാന് കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഫണ്ട് ലഭിക്കണമെങ്കില്‍ പിഎം ശ്രീ പദ്ധതി അംഗീകരിച്ച് ധാരണാപത്രം (എംഒയു) ഒപ്പുവയ്ക്കണം. കേരളം ധാരണാപത്രം ഒപ്പുവയ്ക്കാത്തതിനാല്‍ ഫണ്ട് നല്കാന് കഴിയില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
-
Also Read
ജെ.സി. ഡാനിയേൽ പുരസ്കാരം ഷാജി.എൻ.കരുണിന്
എന്നാല്‍ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ പാലിക്കാതെ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പിഎം ശ്രീ സ്കൂള്‍ അംഗീകരിച്ച് ധാരണാപത്രത്തിൽ ഒപ്പിട്ടില്ലെങ്കില്‍ എസ്എസ്കെയ്ക്ക് പണം നല്‍കില്ല എന്ന കേന്ദ്ര നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ മാതൃകാ വിദ്യാലയങ്ങളായി ഇന്ത്യയില്‍ 14,500 പിഎം ശ്രീ സ്കൂളുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി അഞ്ചു വര്‍ഷത്തേക്ക് 27,360 കോടി രൂപ ചെലവ് വരും. ഇതിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കണം. 2027-ന് ശേഷം കേന്ദ്ര സഹായം ഉണ്ടാകുമോ എന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ല. പിഎം ശ്രീ എന്നത് ഒരു പ്രത്യേക പദ്ധതിയായാണ് കേന്ദ്രം വിഭാവനം ചെയ്തത്. ഈ പദ്ധതിയെ കുറിച്ച് തീരുമാനം എടുക്കാന്‍ സമഗ്ര ശിക്ഷാ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയെ ഉപകരണമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും മന്ത്രി പറയുന്നു.
ദേശീയ അടിസ്ഥാനത്തില്‍ യുഡൈസ് ഡാറ്റാ പ്രകാരം പത്താം ക്ലാസ്സില്‍ എത്തുമ്പോഴേക്കും 35 ശതമാനം കുട്ടികള്‍ പൊതുധാരയില്‍ നിന്നും പുറത്താകുന്നു. ഇത് ഏതാണ്ട് പത്തര കോടിയോളം കുട്ടികള്‍ വരും. 12-ാം ക്ലാസില്‍ എത്തിച്ചേരാത്ത കുട്ടികളുടെ എണ്ണം 56 ശതമാനത്തിനടുത്താണ് ഏതാണ്ട് 17 കോടിയോളം വരും. എന്നാല്‍ അതേ രേഖ വ്യക്തമാക്കുന്നത് കേരളത്തില്‍ ഏതാണ്ട് ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാവരും പന്ത്രണ്ടാം ക്ലാസ്സ് വരെ എത്തുന്നു എന്നതാണ്. എല്ലാവരെയും ചേര്‍ത്തു പിടിക്കുകയും പഠനത്തുടര്‍ച്ചയ്ക്കായി പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടില്‍ നിന്ന് പുറകോട്ട് പോകണം എന്ന് ദേശീയ നയം വ്യക്തമാക്കുമ്പോള്‍ അത് ചെയ്യില്ല എന്നും കുട്ടികളെ അരിച്ചു പുറത്തു കളയുകയല്ല നയമെന്നും കേരളം നിലപാടെടുക്കുന്നുവെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. ഇതില്‍ നിന്നും പുറകോട്ടു പോകാന്‍ കേരളത്തിന് കഴിയില്ല. ഏറ്റവും അപകടകരമായ നിലയില്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുകയാണ് കേന്ദ്ര നയത്തിലൂടെ ചെയ്യുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് പിഎം ശ്രീ സ്കൂള്‍ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.