സമസ്ത–മുസ്‌ലിം ലീഗ് നേതൃതല കൂടിയാലോചന: അഭിപ്രായ ഭിന്നതകൾ പരിഹരിക്കും; എല്ലാവരെയും ഒരുമിച്ചിരുത്തി ചർച്ച തുടരാൻ ധാരണ
Mail This Article
മലപ്പുറം∙ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനു എല്ലാവരെയും ഒരുമിച്ചിരുത്തി ചർച്ച തുടരാൻ സമസ്ത–മുസ്‌ലിം ലീഗ് നേതൃതല കൂടിയാലോചനയിൽ ധാരണ. നേതൃസമിതിക്കു മുൻപാകെ ചർച്ചയ്ക്കെത്താനുള്ള നിർദേശം സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം തള്ളിയതു കല്ലുകടിയായെങ്കിലും സൗഹൃദാന്തരീക്ഷത്തിലാണു ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച നടന്നത്. ലീഗ് അനുകൂല വിഭാഗം പരാതികളും ആവശ്യങ്ങളും സമിതിയെ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാത്തവർ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും എല്ലാവരെയും ഒരുമിച്ചിരുത്തി പിന്നീട് ചർച്ച നടത്തുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, മുശാവറ അംഗം എം.ടി.അബ്ദുല്ല മുസല്യാർ എന്നിവർ അറിയിച്ചു. നാളെ കോഴിക്കോട് നടക്കുന്ന സമസ്ത മുശാവറ യോഗത്തിനു ശേഷമായിരിക്കും ഇനിയുള്ള ചർച്ചകൾ. തീയതിയും വേദിയും പിന്നീട് തീരുമാനിക്കും.
ലീഗും സമസ്തയും തമ്മിലും സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലും ഏറെക്കാലമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനാണു നേതൃതല സമിതി യോഗം ചേർന്നത്. സമസ്തയിലെ ലീഗ് അനുകൂലികളോടും വിരുദ്ധരോടും യോഗത്തിനെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആദർശ സംരക്ഷണ സമിതിയെന്ന പേരിൽ ലീഗ് അനുകൂലികൾ രൂപീകരിച്ച സമാന്തര സംവിധാനം പിരിച്ചുവിടാതെ ചർച്ചയ്ക്കില്ലെന്ന നിലപാടാണു അവർ സ്വീകരിച്ചതെന്നാണു സൂചന. നേതൃത്വത്തിന്റെ നിർദേശം അനുസരിക്കാത്ത നിലപാട് അംഗീകരിക്കാനാവില്ലെന്ന വികാരം പങ്കുവച്ച നേതാക്കൾ ഒരവസരം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. നടപടിയല്ല, വിട്ടുവീഴ്ചാ മനോഭാവത്തോടെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണു ശ്രമമെന്നു യോഗത്തിനുശേഷം ജിഫ്രി തങ്ങളും സാദിഖലി തങ്ങളും പറഞ്ഞു. നേതൃത്വമെടുക്കുന്ന എന്തു തീരുമാനവും അംഗീകരിക്കാമെന്നു എല്ലാവരും അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
സാദിഖലി തങ്ങളെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ച മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ നടപടിയെടുക്കുക, പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖപത്രമായ സുപ്രഭാതത്തിൽ വിഭാഗീയ പരസ്യം വരാൻ ഇടയായതിൽ ഉത്തരവാദികളെ ശിക്ഷിക്കുക, സമസ്തയിലെ ഒരു വിഭാഗം തുടർച്ചയായി സ്വീകരിക്കുന്ന ലീഗ് വിരുദ്ധ നിലപാടുകൾ നിയന്ത്രിക്കാൻ നേതൃത്വം കർശനമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണു ലീഗ് അനുകൂല വിഭാഗം നേതൃസമിതിക്കു മുൻപിൽവച്ചത്. പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുറഹ്മാൻ കല്ലായി, യു.ശാഫി ഹാജി, നാസർ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂർ, ആർ.വി.കുട്ടി ഹസ്സൻ ദാരിമി, സലീം എടക്കര എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ഇവർ ഉന്നയിച്ച വിഷയങ്ങളും മുശാവറ ചർച്ച ചെയ്യും.