‘ഇരുണ്ട യുഗത്തിന് അന്ത്യം’: പ്രസിഡന്റിന്റെ വസതിയിൽ ഇരച്ചുകയറി വിമതസേന; ഫർണിച്ചറും ആഭരണങ്ങളും കൈക്കലാക്കി
Mail This Article
ഡമാസ്കസ്∙ സിറിയയിൽ ഇരുണ്ട യുഗത്തിന് അന്ത്യമായെന്ന് തലസ്ഥാനമായ ഡമാസ്കസിന്റെ നിയന്ത്രണം ഏറ്റെടുത്ത വിമതസംഘടന എച്ച്ടിഎസ് (ഹയാത്ത് തഹ്‌രീർ അൽ ശാം). പ്രസിഡന്റ് ബഷാർ അൽ അസദിന്റെ കൊട്ടാരത്തിൽ കയറിയ എച്ച്ടിഎസ് പ്രവർത്തകർ ഫർണിച്ചറുകളും ആഭരണങ്ങളും കൈക്കലാക്കിയും മുറികളിൽനിന്ന് ചിത്രങ്ങൾക്കു പോസ് ചെയ്തും വിജയം ആഘോഷിച്ചു.
രണ്ടാഴ്ച മുമ്പാണ് എച്ച്ടിഎസ് ആക്രമണം തുടങ്ങിയത്. അലപ്പോ, ഹോംസ്, ഹമ തുടങ്ങിയ നഗരങ്ങൾ കീഴടക്കിയതിന് പിന്നാലെ ഞായറാഴ്ചയാണ് ഡമാസ്കസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അതേസമയം, വിമതസൈന്യത്തിനെതിരെ വ്യോമാക്രമണം നടത്തിയതായി യുഎസ് അറിയിച്ചു.
കുടുംബത്തോടൊപ്പം ബഷാർ അൽ അസദ് മോസ്കോയിലാണ് അഭയം തേടിയിരിക്കുന്നത്. മഹത്തായ വിജയത്തോടെ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണെന്നു വിമത നേതാവ് അബു മുഹമ്മദ് അൽ ജുലാനി പറഞ്ഞു. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് ചർച്ച നടത്താന്‍ ജുലാനിയുമായി ബന്ധപ്പെടുമെന്ന് സിറിയയുടെ പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലി പറഞ്ഞു.