അസദ് മോസ്കോയിൽ? പ്രതികരിക്കാനില്ലെന്നു റഷ്യ; അഭയം മാനുഷിക പരിഗണനയിലെന്നു റിപ്പോർട്ട്
Mail This Article
മോസ്കോ ∙ അട്ടിമറിക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ-അസദ് മോസ്കോയിലെത്തിയെന്ന വാർത്തയിൽ പ്രതികരിക്കാൻ വിസമ്മതിച്ച് റഷ്യ. പ്രസിഡന്റ് അസദ് എവിടെയാണെന്നതിനെപ്പറ്റി ഒന്നും പറയാനില്ലെന്ന് റഷ്യൻ സർക്കാരിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സിറിയയിൽ സംഭവിച്ചത് ലോകത്തെ മുഴുവൻ അദ്ഭുതപ്പെടുത്തിയെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് രാജ്യം വിട്ട ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്നായിരുന്നു റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സിറിയയിലെ റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഓഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന നേതൃത്വം നൽകുന്ന വിമതസഖ്യം അധികാരം പിടിച്ചതോടെയാണ്, 24 വർഷം സിറിയ ഭരിച്ച ബഷാർ അൽ അസദ് ഭാര്യ അസ്മയ്ക്കും രണ്ടു മക്കൾക്കുമൊപ്പം റഷ്യയിലേക്കു പലായനം ചെയ്തെന്ന വാർത്ത പ്രചരിച്ചത്. തലസ്ഥാന നഗരമായ ഡമാസ്കസ് കീഴടക്കിയതായി വിമതർ പ്രഖ്യാപിക്കുന്ന സമയത്ത് ഡമാസ്കസ് വിമാനത്താവളം വഴി അസദും കുടുംബവും രക്ഷപ്പെടുകയായിരുന്നു.