നിരുപാധികം മാപ്പ്, കോടതി നടപടികൾ റദ്ദാക്കണം; കലക്ടറുടെ റിപ്പോർട്ടിനെതിരെ ദേവസ്വം ഓഫിസറുടെ സത്യവാങ്മൂലം
Mail This Article
കൊച്ചി ∙ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ചുള്ള ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ ദേവസ്വം ഓഫിസറുടെ സത്യവാങ്മൂലം. ആന എഴുന്നള്ളിപ്പിൽ സാധ്യമായ എല്ലാ മാർഗനിർദേശങ്ങളും പാലിക്കാൻ ശ്രമിച്ചുവെന്ന് ദേവസ്വം ഓഫിസർ രഘുരാമൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഡിസംബർ രണ്ടിന് അപ്രതീക്ഷിതമായ കാര്യങ്ങൾ മൂലമുണ്ടായ പിഴവിനു നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും തനിക്കെതിരെയുള്ള കോടതി നടപടികൾ റദ്ദാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ജസ്റ്റിസുമാരായ എ.കെ. ജയങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ച് ദേവസ്വം ഓഫിസറോട് നിർദേശിച്ചിരുന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന റിപ്പോർട്ട് പരിഗണിച്ച കോടതി രൂക്ഷമായ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇന്ന് ദേവസ്വം ഓഫിസർ സത്യവാങ്മൂലം നൽകിയത്.
ഉത്സവം ആരംഭിച്ച നവംബർ 29 മുതല്‍ ഡിസംബർ ഒന്നാം തീയതി വരെ കോടതിയുടെ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചിരുന്നു എന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ ഡിസംബർ നാലിന് ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിച്ചില്ല, വൈകീട്ട് 7.30 മുതൽ 12.30 വരെയുള്ള അഞ്ചര മണിക്കൂർ ആനയെ ഒറ്റയടിക്ക് എഴുന്നള്ളിച്ചു, തീവെട്ടിയുമായി പാലിക്കേണ്ട അകലം പാലിച്ചില്ല, ആളുകളും ആനകളുമായുള്ള ദൂരം പാലിച്ചില്ല, കോടതി നിർദേശങ്ങൾ പാലിക്കണമെന്ന് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും താൻ അത് അനുസരിച്ചില്ല തുടങ്ങി ജില്ലാതല സമിതിയുടെ ചെയർമാനായ ജില്ലാ കലക്ടറുടെ റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
മാർഗനിർദേശങ്ങൾ പാലിക്കാനുള്ള തന്റെ നിർദേശത്തോട് തുടക്കം മുതൽ ഭക്തർ പ്രതിഷേധിച്ചിരുന്നു എന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. നിർദേശത്തോട് ഭക്തർ സഹകരിച്ചില്ല. ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിക്കാൻ താൻ ശ്രമിക്കുകയാണെന്ന് ഭക്തരും പ്രദേശവാസികളും ആരോപിച്ചുവെന്ന് ദേവസ്വം ഓഫിസർ പറയുന്നു.
തൃക്കേട്ട ദിനമായിരുന്ന ഡിസംബർ 2ന് കനത്ത മഴയത്തും വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. കാണിക്കയിടൽ ചടങ്ങിനു വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കാണിക്കയിടൽ കഴിഞ്ഞാണ് സാധാരണ മേളം നടക്കാറ്. എന്നാൽ ഇത്തവണ കോടതി ഉത്തരവ് പാലിക്കേണ്ടതിനാൽ 9.30നാണ് മേളം ആരംഭിച്ചത്. ഈ സമയത്തും കാണിക്കയിടൽ തുടർന്നിരുന്നു. ആറാട്ടിന് സാധാരണ 15 ആനകളെ എഴുന്നള്ളിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ 5 ആനകളെ മാത്രമേ എഴുന്നള്ളിച്ചുള്ളൂ. നാലാം ദിവസമായ ഡിസംബർ രണ്ടിനു വലിയ മഴയത്തും കാണിക്കയിടാൻ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടതോടെ കാര്യങ്ങൾ നിയന്ത്രണത്തിനു പുറത്താവുകയായിരുന്നു.
കാണിക്കയിടാൻ വന്ന ഭക്തർ പെട്ടെന്ന് ചിതറിയതോടെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചിരുന്ന ആനകളെ അപകടങ്ങള്‍ ഒഴിവാക്കാനായി പെട്ടെന്ന് മാറ്റുകയാണ് ചെയ്തത്. കഴിഞ്ഞ വർഷങ്ങളിലേതു പോലെ ആനകളെ എഴുന്നള്ളിക്കാത്തതിൽ ഭക്തരുടെ ഭാഗത്തു നിന്ന് വലിയ എതിർപ്പുണ്ടായതായും കോടതിയുടെ മാർഗനിർദേശങ്ങൾ സാധ്യമായ എല്ലാ വിധത്തിലും പാലിക്കാൻ ശ്രമിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എങ്കിലും ഡിസംബർ രണ്ടിനുണ്ടായ പാകപ്പിഴയ്ക്ക് നിരുപാധികം മാപ്പു പറയുന്നുവെന്നും ദേവസ്വം ഓഫിസർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.