വയനാട്ടിൽ 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന കർണാടകയുടെ വാഗ്ദാനം: കേരളം മറുപടി നൽകിയില്ലെന്ന് സിദ്ധരാമയ്യ
Mail This Article
തിരുവനന്തപുരം∙ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്കാന് തയാറാണെന്ന കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനത്തിന് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മറുപടി ലഭിച്ചില്ലെന്നു കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടുകള്‍ നിര്‍മിച്ചു നല്കാന് തയാറാണെന്ന കാര്യം കേരളത്തിലെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു.
വാഗ്ദാനം നടപ്പാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരിന് ഈ നടപടി തടസമായിരിക്കുകയാണ്. പദ്ധതി വേഗത്തിലാക്കാന്‍ വീട് നിര്‍മാണത്തിന് ആവശ്യമായി ഭൂമി പണം നല്കി വാങ്ങാനും കര്‍ണാടക സര്‍ക്കാര്‍ തയാറാണെന്നും സിദ്ധരാമയ്യുടെ കത്തില്‍ പറയുന്നു. കേരളത്തിന്റെ മറുപടിയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. മുണ്ടകൈ, ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ മെല്ലെപ്പോക്ക് തുറന്നുകാണിക്കുന്നതാണ് സിദ്ധരാമയ്യയുടെ കത്ത്.