റീൽസ് ചിത്രീകരണത്തിനിടെ അപകടം: ഇടിച്ച കാർ ഏതെന്ന് സ്ഥിരീകരിച്ചില്ല, ഒന്നിന്റെ റജിസ്ട്രേഷൻ തെലങ്കാനയിൽ
Mail This Article
കോഴിക്കോട് ∙ റീൽസ് ചിത്രീകരിക്കുന്നതിനോട് ആൽവിനുള്ള ഇഷ്ടം കൊണ്ടെത്തിച്ചത് മരണത്തിൽ. ധാരണ തെറ്റിച്ച് പാഞ്ഞെത്തിയ കാറിനു മുന്നിൽനിന്നു രക്ഷപ്പെടാൻ ആൽവിൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോഴിക്കോട് ബീച്ചിൽനിന്നു ഭട്ട് റോഡിലേക്ക് പോകുന്ന റോഡ് വളവുകളും കയറ്റങ്ങളും ഇല്ലാതെ നേർരേഖയിലാണ്. ഒരുവശത്ത് കടലായതിനാൽ വാഹനങ്ങളുടെ റീൽ എടുക്കുന്നവരുടെയും വിവാഹ ഫോട്ടോ എടുക്കുന്നവരുടെയുമൊക്കെ ഇഷ്ടസ്ഥലമാണിത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. രാവിലെയായതിനാൽ ആളുകൾ വളരെക്കുറവായിരുന്നു. പൊലീസ് സ്റ്റേഷനു സമീപം അപകടം നടന്നിട്ടും പൊലീസ് അറിയാൻ വൈകി. ആശുപത്രിയിൽനിന്നാണ് പൊലീസിന് അപകട വിവരം ലഭിക്കുന്നത്. തുടർന്ന്, ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തെങ്കിലും ഏതു വാഹനമാണ് ഇടിച്ചതെന്നു സ്ഥിരീകരിക്കാൻ പൊലീസിനായില്ല.
അപകടസമയത്ത് സംഘത്തിലുണ്ടായിരുന്നവർ നൽകിയ വിവരം അനുസരിച്ച് എഫ്ഐആറിൽ രേഖപ്പെടുത്തിയ വാഹനമല്ല ഇടിച്ചതെന്നാണ് സൂചന. ഒരു വാഹനം തെലങ്കാനയിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിന് കേരളത്തിൽ ഓടുന്നതിനുള്ള എൻഒസി ഇല്ലെന്നാണ് ആർടിഒയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
സാബിത് കല്ലിങ്കൽ എന്നയാളുടെയാണ് കാറുകൾ. ആഡംബര കാറുകളുടെ ഇടപാടാണ് ഇയാൾക്ക്. സ്ഥിരമായി വാഹനങ്ങളുടെയും മറ്റും റീൽ എടുക്കുന്ന ആളാണ് സാബിത്. ഇൻസ്റ്റഗ്രാമിൽ അറുപതിനായിരത്തോളം ഫോളോവേഴ്സുണ്ട്. സാബിത്തിനു വേണ്ടി ആൽവിൻ സ്ഥിരമായി റീൽ എടുത്തു നൽകാറുണ്ടായിരുന്നു. വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആൽവിൻ ഗൾഫിലേക്ക് പോയതും.
വൃക്കരോഗത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആൽവിന് ശരീരം അനങ്ങിയുള്ള ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. തുടർ വൈദ്യപരിശോധനയ്ക്കു വേണ്ടിയാണ് ആൽവിൻ നാട്ടിലെത്തിയത്. അതിനിടെയാണ് സാബിതിന്റെ വാഹനത്തിന്റെ റീൽ എടുക്കാൻ എത്തിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷമായിരിക്കും ആൽവിന്റെ സംസ്കാരം.